‘എന്റെ മനസ്സ് നിറഞ്ഞിരിക്കുന്നു’; ആറ് രാജ്യങ്ങളിലേക്ക് തനിച്ചുനടത്തിയ യാത്രകളെക്കുറിച്ച് എസ്തർ അനിൽ

ഒറ്റയ്ക്ക് ആറ് രാജ്യങ്ങളിലേക്ക് നടത്തിയ വിദേശയാത്രയുടെ അനുഭവം പങ്കുവെച്ച് നടി എസ്തർ അനിൽ. യാത്രകളെ ഏറെ സ്നേഹിക്കുന്ന താരം ആഫ്രിക്കൻ രാജ്യമായ കെനിയ സന്ദർശിച്ചതിന്റെ ചിത്രങ്ങളാണ് ഏറ്റവും ഒടുവിലായി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
“എന്റെ മനസ്സ് നിറഞ്ഞിരിക്കുന്നു. ആറ് രാജ്യങ്ങളിലേക്ക് പൂർണ്ണമായും ഒറ്റയ്ക്ക് നടത്തിയ യാത്രകൾ. ഇത്തവണ കെനിയയിലേക്കായിരുന്നു. എത്രമാത്രം മാന്ത്രികമായ സ്ഥലമാണ് കെനിയ! ഇവിടെനിന്ന് മടങ്ങിയ ശേഷവും ഈ ഓർമ്മകൾ എനിക്കൊപ്പം തന്നെയുണ്ടാകും. ഇവിടേക്ക് വീണ്ടും മടങ്ങിയെത്താൻ ഇത് എന്നെ പ്രേരിപ്പിക്കുന്നു,” എസ്തർ കുറിച്ചു.
നല്ല സുഹൃത്തുക്കളെ കണ്ടെത്തുന്നതിനും പുതിയ സ്ഥലങ്ങൾ കാണുന്നതിനും ഉപരി, ഓരോ യാത്രയും തന്നെത്തന്നെ കൂടുതൽ അടുത്തറിയാൻ സഹായിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് എസ്തർ അനിൽ. മോഹൻലാൽ കേന്ദ്രകഥാപാത്രമായെത്തിയ ‘ദൃശ്യം’ പരമ്പരയിലെ അനുമോൾ എന്ന കഥാപാത്രത്തിലൂടെയാണ് എസ്തർ ഏറെ ശ്രദ്ധിക്കപ്പെട്ടത്. മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽനിന്ന് ബിരുദം പൂർത്തിയാക്കിയ എസ്തർ, അടുത്തിടെയാണ് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് ഉപരിപഠനം പൂർത്തിയാക്കിയത്.
