ലോക്സഭ സീറ്റുകൾ 850 ആക്കുന്നത് ജനാധിപത്യത്തിന് ഭീഷണി -ശശി തരൂർ; ജനസംഖ്യ വർധിച്ചെങ്കിൽ നിയമസഭകളിലെ അംഗസംഖ്യ വർധിപ്പിക്കാം
ന്യൂഡൽഹി: മണ്ഡല പുനർനിർണയത്തിന്റെ ഭാഗമായി ലോക്സഭയിലെ അംഗസംഖ്യ 824 അല്ലെങ്കിൽ 850 ആയി ഉയർത്താനുള്ള കേന്ദ്രസർക്കാർ നീക്കം രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് ഗുരുതര ഭീഷണിയാണെന്ന് കോൺഗ്രസ് എം.പി ശശി തരൂർ. ദേശീയ മാധ്യമത്തിൽ എഴുതിയ ലേഖനത്തിലാണ് തരൂർ തൻ്റെ ആശങ്കയും വിയോജിപ്പും വ്യക്തമാക്കിയത്. ജനസംഖ്യാ വർധനവിന് ആനുപാതികമായി ജനപ്രതിനിധികളുടെ എണ്ണം കൂട്ടണമെന്ന സർക്കാർ വാദം ഒറ്റനോട്ടത്തിൽ ജനാധിപത്യപരമായി തോന്നാമെങ്കിലും, ഇതിനുപിന്നിൽ വലിയ അപകടസാധ്യതകൾ ഒളിഞ്ഞിരിപ്പുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

1972-ൽ നിശ്ചയിച്ച 543 എന്ന അംഗപരിധി ഉയർത്തണമെന്ന വാദം ശക്തമാകുമ്പോഴും, ഇത്രയും കൂറ്റൻ നിയമനിർമാണ സഭയ്ക്ക് എത്രത്തോളം കാര്യക്ഷമമായി പ്രവർത്തിക്കാനാകും എന്ന ചോദ്യത്തിന് കേന്ദ്രത്തിന് ഉത്തരമില്ല. ലോകത്തെ പ്രമുഖ ജനാധിപത്യ രാജ്യങ്ങളിലൊന്നും ഇത്ര വലിയ പാർലമെന്റുകളില്ല. ഫലപ്രദമായ ചർച്ചകൾക്കും നിയമപരിശോധനയ്ക്കും പ്രായോഗികമായ ഒരംഗസംഖ്യ ആവശ്യമാണ്. അംഗങ്ങളുടെ എണ്ണം പരിധിവിട്ട് ഉയർന്നാൽ, പാർലമെന്റ് സജീവ ചർച്ചകളുടെ വേദിയല്ലാതായി മാറുകയും കേവലം ‘വോട്ടെടുപ്പ് യന്ത്രം’ മാത്രമായി ചുരുങ്ങുകയും ചെയ്യുമെന്നും തരൂർ മുന്നറിയിപ്പ് നൽകി.
അമേരിക്കൻ ജനപ്രതിനിധി സഭയുടെ മാതൃക ഉയർത്തിക്കാട്ടിയ തരൂർ, 1929-ൽ അവിടെ 435 അംഗങ്ങളായി ക്ലിപ്തപ്പെടുത്തിയ എണ്ണം പിന്നീട് ജനസംഖ്യ മൂന്നിരട്ടിയായി വർധിച്ചിട്ടും മാറ്റിയിട്ടില്ലെന്ന് ഓർമിപ്പിച്ചു. ജനസംഖ്യ കൂട്ടുന്നതിനനുസരിച്ച് സഭയുടെ വലിപ്പം കൂട്ടുന്നതിന് പകരം, ഓരോ പ്രതിനിധിയും കൂടുതൽ ജനങ്ങളെ പ്രതിനിധീകരിക്കുന്ന രീതിയാണ് അവിടെ പിന്തുടരുന്നത്.
850 അംഗങ്ങളുള്ള ഒരു ലോക്സഭയിൽ സാധാരണ നിയമനിർമാണ ചർച്ചകളിൽ ഭൂരിഭാഗം എം.പിമാർക്കും സംസാരിക്കാൻ അവസരം ലഭിക്കില്ല. ചോദ്യങ്ങൾ ചോദിക്കാനോ, സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കാനോ കഴിയാതെ വരുന്നത് എം.പിമാരെ കേവലം പാർട്ടി വിപ്പ് അനുസരിച്ച് വോട്ട് ചെയ്യുന്ന നിശബ്ദ സാന്നിധ്യങ്ങളാക്കി മാറ്റും.
പാർലമെന്റിന്റെ പ്രവർത്തന ദിവസങ്ങൾ വെട്ടിച്ചുരുക്കപ്പെടുകയും സമിതികളുടെ പരിശോധനയില്ലാതെ ബില്ലുകൾ പാസാക്കുകയും ചെയ്യുന്ന നിലവിലെ സാഹചര്യത്തിൽ, അംഗസംഖ്യ വർധിപ്പിക്കുന്നത് സ്ഥിതി കൂടുതൽ വഷളാക്കും. ചർച്ചകൾ അസാധ്യമാകുന്നതോടെ പാർലമെന്റിന്റെ മേൽനോട്ട അധികാരം സ്വാഭാവികമായും ഭരണവർഗത്തിന്റെ തിട്ടൂരങ്ങൾക്ക് വഴിമാറും.
ജനസംഖ്യാ വർധനവിന് ആനുപാതികമായി പ്രതിനിധ്യം കൂട്ടണമെന്ന് നിർബന്ധമാണെങ്കിൽ, ലോക്സഭയ്ക്ക് പകരമായി സംസ്ഥാന നിയമസഭകളിലെ അംഗസംഖ്യ വർധിപ്പിക്കുന്നതാണ് കൂടുതൽ യുക്തിസഹമെന്ന് തരൂർ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിന്റെ യഥാർത്ഥ കരുത്ത് അംഗങ്ങളുടെ എണ്ണത്തിലല്ല, മറിച്ച് അവിടെ നടക്കുന്ന ചർച്ചകളുടെ ഗുണമേന്മയിലും നിയമനിർമാണ സമിതികളുടെ കാര്യക്ഷമതയിലുമാണെന്ന് ഓർമ്മിപ്പിച്ചാണ് അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്നത്.
