‘വീട്ടിൽ ഒരു നേരത്തെ ആഹാരം മാത്രം, ജൂൺ, ജൂലെെ മാസങ്ങൾ എനിക്ക് പേടിയാണ്’; നീറുന്ന ഓർമകളുമായി രഞ്ജു രഞ്ജിമാർ

തിരുവനന്തപുരം: പ്രതിസന്ധികളോട് പൊരുതി ജീവിതത്തിൽ സ്വന്തമായൊരിടം വെട്ടിപ്പിടിച്ചതിന്റെ അനുഭവങ്ങൾ പങ്കുവെച്ച് പ്രമുഖ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ. ‘ഡോറ’ എന്ന ബ്രാൻഡിലൂടെ നിരവധി പേർക്ക് തൊഴിൽ നൽകുന്ന നിലയിലേക്ക് വളർന്നുവെങ്കിലും, താൻ കടന്നുവന്ന വഴികൾ കഠിനമായിരുന്നുവെന്ന് അവർ ഓർത്തെടുക്കുന്നു.
അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് കഷ്ടപ്പാടുകൾ നിറഞ്ഞ ബാല്യകാലത്തെ കുറിച്ച് രഞ്ജു മനസ്സ് തുറന്നത്.
“അച്ഛന്റെയും അമ്മയും പണിയെടുത്തു കൊണ്ടുതരുന്ന തുച്ഛമായ കൂലി മാത്രമായിരുന്നു അന്നത്തെ ഏക അത്താണി. വീട്ടുപകയിൽ ഒരു നേരം മാത്രമാണ് ഭക്ഷണം പാകം ചെയ്തിരുന്നത്; അതും രാത്രിയിൽ. രാവിലെയോ ഉച്ചയ്ക്കോ പട്ടിണിയായിരുന്നു. അയൽപക്കത്തെ ബന്ധുക്കളോട് ചോദിച്ചുവാങ്ങുന്ന കഞ്ഞിവെള്ളവും അതിലവർ സ്നേഹത്തോടെ നൽകുന്ന അല്പം ചോറുമായിരുന്നു ആശ്വാസം. പ്ലാവില കുത്തി കഞ്ഞി കുടിച്ചതിന്റെ രുചി ഇന്നും മനസ്സിലുണ്ട്. ജൂൺ, ജൂലൈ മാസങ്ങളിലെ പെരുമഴക്കാലം ഭയത്തോടെ മാത്രമാണ് കണ്ടിരുന്നത്. വീടുകളിൽ വെള്ളം കയറുന്നതോടെ എല്ലാം പെറുക്കിക്കെട്ടി സ്കൂളുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഓടേണ്ടി വന്നിട്ടുണ്ട്” -രഞ്ജു പറഞ്ഞു.
ഇന്നത്തെ നേട്ടങ്ങളെക്കുറിച്ചും രഞ്ജു രഞ്ജിമാർക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. “ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്നതോ വിദേശത്ത് വലിയ ബിസിനസ് കെട്ടിപ്പടുക്കുന്നതോ ഒന്നുമല്ല ജീവിതത്തിലെ വലിയ നേട്ടം. സമാധാനത്തോടെ കിടന്നുറങ്ങാൻ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പ്രധാനം. മറ്റുള്ളതെല്ലാം ഏതുനിമിഷവും നഷ്ടപ്പെടാം, എന്നാൽ നാം നേടിയെടുക്കുന്ന മനഃസമാധാനമാണ് ഏറ്റവും വലുത്” -അവർ കൂട്ടിcherത്തു.
