അത്താഴത്തിന് സാലഡ് മാത്രം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

ന്യൂഡൽഹി: ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പൊതുവേ തിരഞ്ഞെടുക്കുന്ന വഴികളിലൊന്നാണ് അത്താഴത്തിന് സാലഡ് മാത്രം കഴിക്കുക എന്നത്. വെള്ളരിക്ക, തക്കാളി, ലെറ്റ്യൂസ് തുടങ്ങിയവ ഉൾപ്പെടുത്തിയ സാലഡ് ഭാരം കുറയ്ക്കാൻ സഹായിക്കുമെങ്കിലും, ആവശ്യത്തിന് പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവയില്ലാതെ പച്ചക്കറികൾ മാത്രം കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഭാരം കുറയ്ക്കുമ്പോൾ പേശികളുടെ ആരോഗ്യം നിലനിർത്തുന്നതിനും വിശപ്പ് നിയന്ത്രിക്കുന്നതിനും മെറ്റബോളിക് ആരോഗ്യം സംരക്ഷിക്കുന്നതിനും സമീകൃതമായ അത്താഴം അത്യന്താപേക്ഷിതമാണെന്ന് ഫരീദാബാദ് അമൃത ഹോസ്പിറ്റലിലെ എൻഡോക്രൈനോളജി വിഭാഗം മേധാവി ഡോ. നിഷാന്ത് റൈസാദ ചൂണ്ടിക്കാട്ടുന്നു.
പച്ചക്കറികളും നാരുകളും (fiber) ധാരാളമായി അടങ്ങിയ സാലഡ് ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കാവുന്നതാണ്. കലോറി കുറഞ്ഞ ഇത്തരം പച്ചക്കറികൾ വയർ നിറഞ്ഞ അനുഭവം നൽകുമെങ്കിലും പ്രോട്ടീൻ ഉൾപ്പെടെയുള്ള പ്രധാന പോഷകങ്ങളുടെ കുറവിന് കാരണമായേക്കാം. ഇത് ദീർഘകാലത്തേക്ക് കലോറി നിയന്ത്രിച്ചു കഴിക്കുന്നവർക്ക് തിരിച്ചടിയാകും.
പേശികളുടെ നഷ്ടവും മെറ്റബോളിസവും
പെട്ടെന്ന് കലോറി ഉപഭോഗം കുറയ്ക്കുകയും പ്രോട്ടീന്റെ അളവ് കുറയുകയും ചെയ്യുമ്പോൾ ശരീരത്തിലെ കൊഴുപ്പിനൊപ്പം പേശികളും നഷ്ടപ്പെടാൻ സാധ്യതയേറെയാണ്. കാലക്രമേണ ഇത് മെറ്റബോളിസം മന്ദഗതിയിലാക്കാനും ഭാരം നിയന്ത്രിത അളവിൽ നിലനിർത്തുന്നത് പ്രയാസകരമാക്കാനും ഇടയാക്കും.
കലോറി കൂട്ടുന്ന വില്ലന്മാർ
സാലഡ് ആരോഗ്യകരമാണെന്ന് തോന്നാമെങ്കിലും അതിൽ ചേർക്കുന്ന ചേരുവകൾ കലോറി ഗണ്യമായി കൂട്ടിയേക്കാം. മയോന്നൈസ്, ക്രീം ഡ്രെസ്സിംഗുകൾ, ചീസ്, എണ്ണയിൽ വറുത്ത ടോപ്പിംഗുകൾ, മധുരമുള്ള സോസുകൾ എന്നിവ ഒഴിവാക്കേണ്ടതുണ്ട്. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ലളിതമായ ഡ്രെസ്സിംഗുകൾ തിരഞ്ഞെടുക്കുകയും കലോറി കൂടിയ ടോപ്പിംഗുകൾ പരിമിതപ്പെടുത്തുകയും വേണം.
പ്രമേഹമുള്ളവർ ശ്രദ്ധിക്കേണ്ടത്
പ്രമേഹം, ഇൻസുലിൻ പ്രതിരോധം, അമിതവണ്ണം എന്നിവയുള്ളവർക്ക് നാരുകൾ അടങ്ങിയ സമീകൃത സാലഡ് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ സഹായിക്കും. കാർബോഹൈഡ്രേറ്റുകൾ പൂർണ്ണമായും ഒഴിവാക്കേണ്ടതില്ലെങ്കിലും ഡ്രെസ്സിംഗുകളിൽ അതീവ ശ്രദ്ധ വേണം. രാത്രിയിൽ സാലഡ് മാത്രം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ശാശ്വതമായ മാർഗ്ഗമല്ലെന്ന് ഓർക്കുക.
