പ്രമുഖ മാവോയിസ്റ്റ് നേതാവ് മിസിര് ബെസ്ര അറസ്റ്റിലായി ; തലയ്ക്ക് ഒരു കോടി വിലയിട്ടിരുന്ന മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ളയാള്

റാഞ്ചി: തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന പ്രമുഖ മാവോയിസ്റ്റ് നേതാവും സി.പി.ഐ മാവോയിസ്റ്റ് പോളിറ്റ് ബ്യൂറോ അംഗവുമായ മിസിർ ബെസ്ര ജാർഖണ്ഡിൽ സുരക്ഷാസേനയുടെ പിടിയിലായി. ചൊവ്വാഴ്ച വൈകീട്ട് ധൻബാദ്-ഗിരിധി അതിർത്തി പ്രദേശത്തുനിന്നാണ് ഇയാളെ ജാർഖണ്ഡ് പോലീസും കേന്ദ്ര സുരക്ഷാസേനയും ചേർന്ന് പിടികൂടിയത്. ബെസ്രയോടൊപ്പം സജീവ പ്രവർത്തകരായ മൊച്ചു, സൗരഭ് എന്നിവരും രണ്ട് ഗ്രാമീണരും പിടിയിലായിട്ടുണ്ട്.
ഗിരിധിയിലെ ഹർലാദിഹ് സ്വദേശിയായ ബെസ്ര, ദീർഘകാലമായി സുരക്ഷാസേനയുടെ ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയിലുള്ള മുതിർന്ന നേതാവാണ്. ജാർഖണ്ഡ്, ബിഹാർ, ഒഡീഷ, ഛത്തീസ്ഗഢ് മേഖലകളിലെ മാവോയിസ്റ്റ് നീക്കങ്ങളുടെയും സൈനിക വിഭാഗത്തിൻ്റെയും പ്രധാന സൂത്രധാരനായിരുന്നു ഇയാൾ. സുരക്ഷാസേനക്ക് നേരെയുള്ള മാരകമായ ആക്രമണങ്ങൾ, ഐ.ഇ.ഡി സ്ഫോടനങ്ങൾ, കൊലപാതകങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് കേസുകളാണ് ബെസ്രക്കെതിരെ വിവിധ സംസ്ഥാനങ്ങളിലായി നിലവിലുള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സംയുക്തമായാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങൾക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.
കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇയാളുടെ പ്രമുഖ അനുയായികൾ അറസ്റ്റിലാവുകയോ കീഴടങ്ങുകയോ ചെയ്തതിനെത്തുടർന്ന് ബെസ്രയുടെ പ്രതിരോധ ശൃംഖല ദുർബലമായിരുന്നു. ഇതാണ് ഇയാളെ കൃത്യമായി നിരീക്ഷിച്ച് വലയിലാക്കാൻ അന്വേഷണ ഏജൻസികളെ സഹായിച്ചത്.
കിഴക്കൻ ഇന്ത്യയിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് ഏറ്റ കനത്ത തിരിച്ചടിയായാണ് മിസിർ ബെസ്രയുടെ അറസ്റ്റിനെ സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്. സംഘടനയുടെ ഉന്നതതല തീരുമാനങ്ങൾ, ആയുധശേഖരം, ഫണ്ട് സമാഹരണം, മറ്റ് ഒളിത്താവളങ്ങൾ എന്നിവയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ചോദ്യം ചെയ്യലിലൂടെ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
ബെസ്രക്കൊപ്പം പിടിയിലായ ഗ്രാമീണർക്ക് മാവോയിസ്റ്റ് ശൃംഖലയുമായി ഏതുരീതിയിലുള്ള ബന്ധമാണുള്ളതെന്ന് അന്വേഷിച്ചുവരികയാണ്. അതിനിടെ, 39 ലക്ഷം രൂപ പാരിതോഷികമുള്ള പ്രമുഖരടക്കം 16 മാവോയിസ്റ്റ് പ്രവർത്തകർ ജാർഖണ്ഡ് പോലീസിന് മുന്നിൽ കീഴടങ്ങിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. 128 കേസുകളിൽ പ്രതിയും 15 ലക്ഷം രൂപ വിലയിട്ട നേതാവുമായ സന്തോഷ് മഹതോ (വാസുദേവ് ദാ) ഉൾപ്പെടെയുള്ളവരാണ് കീഴടങ്ങിയത്.
