പിണറായിയിൽ കേന്ദ്രീകരിച്ചത് തെറ്റ്, ഭരണത്തിൽ നിയന്ത്രണം ഉണ്ടായില്ല, ശൈലജയുടെ മണ്ഡലം മാറ്റിയതും പാളി; കുറ്റസമ്മതവുമായി കേന്ദ്രകമ്മിറ്റി റിപ്പോർട്ട്

ന്യൂഡൽഹി: പിണറായി വിജയൻ സർക്കാരിന്റെ ഭരണത്തിൽ പാർട്ടിക്ക് യാതൊരുവിധ നിയന്ത്രണവുമുണ്ടായില്ലെന്ന കടുത്ത വിമർശനവും ആത്മപരിശോധനയുമായി സിപിഎം കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. മുൻപ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട റിപ്പോർട്ട് പാർട്ടി ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയായിരുന്നു.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം പൂർണ്ണമായും പിണറായി വിജയനിൽ മാത്രം കേന്ദ്രീകരിച്ച് നടത്തിയത് വിനയായെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. എല്ലാം ഒരാളിലേക്ക് ചുരുങ്ങുന്നു എന്ന തരത്തിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് ഈ ശൈലി ബലമേകി. ഇത് പിണറായി വിജയനെ വ്യക്തിപരമായി കടന്നാക്രമിക്കാൻ യുഡിഎഫിന് സൗകര്യമൊരുക്കിയെന്നും കോൺഗ്രസിനെതിരെ തിരിച്ചടിക്കാമായിരുന്ന രാഷ്ട്രീയ അവസരങ്ങൾ പാർട്ടിക്ക് നഷ്ടപ്പെടുത്തിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കെ.കെ. ശൈലജയുടെ മണ്ഡലം മാറ്റിയ തീരുമാനം പൊതുസമൂഹത്തിന് നൽകിയത് തെറ്റായ സന്ദേശമാണ്. ഇതും പാർട്ടിക്കെതിരായ പ്രചാരണത്തിന് ആയുധമായി. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ജില്ലാ കമ്മിറ്റികൾക്ക് കടുത്ത വീഴ്ച സംഭവിച്ചെന്നും ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വം ഏറ്റെടുക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
