ഇനി ലക്ഷങ്ങൾ മുടക്കേണ്ട; BaaS പദ്ധതിയിൽ കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്ന 5 ഇലക്ട്രിക് കാറുകൾ

ഇലക്ട്രിക് വാഹന വിപണിയിൽ വൻ വിപ്ലവം സൃഷ്ടിച്ച് ‘ബാറ്ററി-ആസ്-എ-സർവീസ്’ (BaaS). വാഹനത്തിന്റെ ഉയർന്ന പ്രാരംഭ വില കുറയ്ക്കാൻ സഹായിക്കുന്ന ഈ പുതിയ രീതിക്ക് ഇന്ത്യയിൽ വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങൾ (EV) വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ പ്രധാന വെല്ലുവിളിയായ ഉയർന്ന വിലയ്ക്ക് പരിഹാരവുമായി ‘ബാറ്ററി-ആസ്-എ-സർവീസ്’ (BaaS) സംവിധാനം വിപണിയിൽ സജീവമാകുന്നു. വാഹനത്തിന്റെ മുഴുവൻ തുകയും ഒരുമിച്ച് നൽകുന്നതിന് പകരം, ബാറ്ററി ഒഴിവാക്കിയുള്ള കുറഞ്ഞ വിലയ്ക്ക് കാർ വാങ്ങാനും പിന്നീട് ഉപയോഗിക്കുന്ന ദൂരത്തിന് മാത്രം പ്രതിമാസ ബാറ്ററി സബ്സ്ക്രിപ്ഷൻ ഫീസ് നൽകാനും ഇതിലൂടെ സാധിക്കും.
ഹാച്ച്ബാക്കുകൾ മുതൽ പ്രീമിയം എസ്യുവികൾ വരെ നിലവിൽ BaaS ഓപ്ഷനിൽ ലഭ്യമാണ്. പ്രാരംഭ ചെലവിൽ ലക്ഷക്കണക്കിന് രൂപയുടെ ഇളവാണ് ഇത് ഉപഭോക്താക്കൾക്ക് നൽകുന്നത്.
ഇത്തരത്തിൽ BaaS പദ്ധതിയിലൂടെ കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്ന പ്രധാന 5 ഇലക്ട്രിക് കാറുകൾ പരിചയപ്പെടാം:
1. കിയ സിറോസ് ഇവി (Kia Syros EV)
- പ്രാരംഭ വില: ₹7.99 ലക്ഷം
- സബ്സ്ക്രിപ്ഷൻ നിരക്ക്: ₹3.30 / കിലോമീറ്റർ
BaaS സംവിധാനത്തിൽ വിപണിയിലെത്തിയ ഏറ്റവും പുതിയ മോഡലുകളിലൊന്നാണ് കിയ സിറോസ് ഇവി. സാധാരണ പതിപ്പിന് ₹13.49 ലക്ഷം മുതൽ ₹19.99 ലക്ഷം വരെയാണ് എക്സ്-ഷോറൂം വില വരുന്നത്. എന്നാൽ BaaS പദ്ധതി വഴി ഈ എസ്യുവി ₹7.99 ലക്ഷം പ്രാരംഭ വിലയിൽ സ്വന്തമാക്കാം. 42kWh, 51.4kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ എത്തുന്ന ഈ വാഹനത്തിന് 526 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കും. 15 വർഷത്തെ ഹൈ-വോൾട്ടേജ് ബാറ്ററി വാറണ്ടിയും അൺലിമിറ്റഡ് കിലോമീറ്റർ ഉപയോഗവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
2. എംജി കോമറ്റ് ഇവി (MG Comet EV)
- പ്രാരംഭ വില: ₹4.92 ലക്ഷം
- സബ്സ്ക്രിപ്ഷൻ നിരക്ക്: ₹3.20 / കിലോമീറ്റർ
ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന സിറ്റി ഇലക്ട്രിക് കാറുകളിലൊന്നായ എംജി കോമറ്റ്, BaaS എത്തിയതോടെ കൂടുതൽ ആകർഷകമായി. ബാറ്ററിയോടെയുള്ള എക്സിക്യൂട്ടീവ് വേരിയന്റിന് ₹7.63 ലക്ഷം വിലവരുമ്പോൾ BaaS വഴി ₹4.92 ലക്ഷം മുതൽ ഇത് ലഭ്യമാകും.
3. ടാറ്റ പഞ്ച്.ഇവി (Tata Punch.ev)
- പ്രാരംഭ വില: ₹6.49 ലക്ഷം
- സബ്സ്ക്രിപ്ഷൻ നിരക്ക്: ₹2.60 / കിലോമീറ്റർ
ടാറ്റയുടെ ജനപ്രിയ മോഡലായ പഞ്ച് ഇ.വിയുടെ 30kWh ബാറ്ററി പാക്കുള്ള ‘സ്മാർട്ട്’ വേരിയന്റിലാണ് BaaS സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. ₹9.69 ലക്ഷം വിലയുള്ള സാധാരണ മോഡലിന് പകരം BaaS തിരഞ്ഞെടുക്കുമ്പോൾ ₹6.49 ലക്ഷത്തിന് വാഹനം ലഭിക്കും. ആദ്യ വാങ്ങലിൽ ഏകദേശം ₹3.2 ലക്ഷം രൂപയുടെ ലാഭമാണ് ഉപഭോക്താവിന് ലഭിക്കുന്നത്.
4. ടാറ്റ ടിയാഗോ.ഇവി (Tata Tiago.ev)
- പ്രാരംഭ വില: ₹4.69 ലക്ഷം
- സബ്സ്ക്രിപ്ഷൻ നിരക്ക്: ₹2.60 / കിലോമീറ്റർ
ഹാച്ച്ബാക്ക് പ്രേമികളുടെ പ്രിയ വാഹനമായ ടിയാഗോ.ഇവി ഫെയ്സ്ലിഫ്റ്റും BaaS പട്ടികയിലുണ്ട്. ബാറ്ററിയോടുകൂടിയ മോഡലിന് ₹6.99 ലക്ഷം മുതൽ വില ആരംഭിക്കുമ്പോൾ, BaaS പദ്ധതി വഴി പ്രാരംഭ ചെലവിൽ ₹2.3 ലക്ഷത്തോളം കുറച്ച് ₹4.69 ലക്ഷത്തിന് കാർ സ്വന്തമാക്കാം.
5. മാരുതി സുസുക്കി ഇ വിറ്റാര (Maruti Suzuki e Vitara)
- പ്രാരംഭ വില: ₹10.99 ലക്ഷം
- സബ്സ്ക്രിപ്ഷൻ നിരക്ക്: ₹3.99 – ₹4.39 / കിലോമീറ്റർ
മാരുതി സുസുക്കിയുടെ കന്നി ഇലക്ട്രിക് വാഹനമായ ‘ഇ വിറ്റാര’യിലും ബാസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഡെൽറ്റ വേരിയന്റിന്റെ സാധാരണ വില ₹15.99 ലക്ഷമാണെങ്കിലും BaaS വഴി ₹10.99 ലക്ഷത്തിന് സ്വന്തമാക്കാം. ഇതുവഴി 5 ലക്ഷം രൂപ വരെ ലാഭിക്കാം. ഉയർന്ന സീറ്റ, ആൽഫ വേരിയന്റുകളിൽ പ്രാരംഭ ലാഭം ₹5.5 ലക്ഷം രൂപ വരെ ഉയരും.
ഇവി വിപണിയിലെ പുതിയ മാറ്റം
ഇലക്ട്രിക് വാഹനങ്ങളുടെ ഉയർന്ന വിലയ്ക്ക് പ്രധാന കാരണം അതിന്റെ ബാറ്ററിയുടെ നിർമാണച്ചെലവാണ്. BaaS സംവിധാനത്തിലൂടെ ബാറ്ററിയെ വാഹനത്തിന്റെ വിലയിൽ നിന്ന് വേർപെടുത്തുന്നതോടെ കുറഞ്ഞ ബജറ്റുള്ളവർക്കും ഇവികൾ പ്രാപ്യമാകുന്നു. വരുംദിവസങ്ങളിൽ കൂടുതൽ നിർമാതാക്കൾ ഈ മാതൃക സ്വീകരിക്കുന്നതോടെ രാജ്യത്തെ ഇലക്ട്രിക് വാഹന വിപ്ലവത്തിന് വേഗം കൂടുമെന്നാണ് കരുതപ്പെടുന്നത്.
