യുവാക്കള്‍ക്ക് നന്ദി… മറ്റൊരു വീഡിയോയുമായി പ്രധാനമന്ത്രി മോദി ; ജന്തര്‍മന്ദറില്‍ പ്രതിഷേധം തുടരുന്നു

ന്യൂഡല്‍ഹി: പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാനത്ത് വിദ്യാര്‍ത്ഥി പ്രതിഷേധം ഇരമ്പുമ്പോഴും പാര്‍ലമെന്റില്‍ മറുപടി പറയാതെ സോഷ്യല്‍ മീഡിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ വിദ്യാര്‍ത്ഥികളുടെ സമരം ശക്തമായി തുടരുന്നതിനിടയിലാണ്, തട്ടിപ്പുകാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന വാഗ്ദാനവുമായി അര്‍ദ്ധരാത്രി പ്രധാനമന്ത്രി വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്.
തന്റെ മുന്‍ വീഡിയോയോട് പ്രതികരിച്ച യുവാക്കള്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ളതാണ് പുതിയ പോസ്റ്റ്. “സുഹൃത്തുക്കളെ, നന്ദി. ഈ വീഡിയോയോട് നിങ്ങള്‍ പ്രതികരിച്ച രീതിക്കും അയച്ച മികച്ച നിര്‍ദ്ദേശങ്ങള്‍ക്കും എല്ലാവരോടും നന്ദി പറയുന്നു. നമ്മള് തമ്മിലുള്ള ബന്ധം ഇനിയും ശക്തമാകും” – പ്രധാനമന്ത്രി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പേപ്പര്‍ ചോര്‍ച്ച കേസുകളില്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രധാനമന്ത്രി സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയ വഴി പ്രതികരിക്കുന്നത്.
അതേസമയം, വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാനോ വിദ്യാർത്ഥികളുടെ പ്രധാന ആവശ്യമായ വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്റെ രാജിയില്‍ പ്രതികരിക്കാനോ പ്രധാനമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. രാജ്യത്തെ ഭാവി തലമുറയെ ബാധിച്ച ഗുരുതരമായ വിഷയത്തില്‍ ജനപ്രതിനിധി സഭയെ അഭിസംബോധന ചെയ്യുന്നതിന് പകരം ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ രംഗത്തുവരുന്ന പ്രധാനമന്ത്രിയുടെ നിലപാടിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജി എന്ന പ്രാഥമിക ആവശ്യത്തിൽ പ്രതിഷേധക്കാർ ഉറച്ചുനിൽക്കുകയാണ്. വെള്ളിഴാഴ്ച സി.ജെ.പി പ്രതിനിധികള്‍ കേന്ദ്രമന്ത്രിമാരെ കണ്ട് നീറ്റ് ചോര്‍ച്ചയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളടങ്ങിയ നിവേദനം സമര്‍പ്പിച്ചു.
വിഷയത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ സ്ഥാനത്തുനിന്ന് മാറ്റുകയും ദേശീയ ടെസ്റ്റിംഗ് ഏജന്‍സിയിലെ (NTA) 47 ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. എന്നാൽ, തൃപ്തികരമായ നടപടികളുണ്ടാകുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് വിദ്യാർത്ഥി സംഘടനകളുടെ നിലപാട്.
