അവസാന ചിത്രം, ജനനായകന് വിജയ്ക്ക് ലഭിച്ചത് ഞെട്ടിക്കുന്ന പ്രതിഫലം, മറ്റുള്ളവര്ക്ക് ലഭിച്ച തുകയും പുറത്ത്

ചെന്നൈ: തമിഴകത്തെയും പ്രേക്ഷകരെയും ഒരേപോലെ ആവേശത്തിലാക്കി വിജയ് ചിത്രം ‘ജനനായകൻ’ ഇന്നലെ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തി. ദളപതി വിജയ് സജീവ രാഷ്ട്രീയം തിരഞ്ഞെടുത്ത് തമിഴ്നാട് മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ റിലീസും, ഒപ്പം അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ അവസാന ചിത്രവുമാണെന്ന പ്രത്യേകതയും ‘ജനനായകനുണ്ട്’.
എന്നാൽ തിയറ്ററുകളിൽ നിന്ന് ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഒരു മികച്ച സിനിമാ അനുഭവം എന്നതിലുപരി ‘ദളപതി ഷോ’ മാത്രമായി ചിത്രം മാറുന്നുവെന്നാണ് സോഷ്യൽ മീഡിയയിലടക്കം പ്രേക്ഷകരുടെ വിലയിരുത്തൽ. എങ്കിലും, വിജയ്യുടെ അവസാന സിനിമയെന്ന നിലയിൽ ഒരു തവണ കണ്ടിരിക്കാമെന്നും പണം പാഴാകില്ലെന്നും ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
അതേസമയം, ചിത്രത്തിലെ അഭിനേതാക്കളുടെ പ്രതിഫലത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ന്യൂസ് 18 പുറത്തുവിട്ട വിവരങ്ങൾ പ്രകാരം നായകൻ വിജയ് 275 കോടി രൂപയോളമാണ് പ്രതിഫലമായി കൈപ്പറ്റിയത്. നായിക പൂജ ഹെഗ്ഡെയ്ക്ക് ആറ് കോടി രൂപയും പ്രകാശ് രാജ്, ബോബി ഡിയോൾ എന്നിവർക്ക് അഞ്ച് കോടി രൂപ വീതവുമാണ് ലഭിച്ചത്. സംവിധായകൻ എച്ച്. വിനോദിന് 25 കോടിയും ഗൗതം വാസുദേവ് മേനോന് മൂന്ന് കോടിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന് 13 കോടി രൂപയുമാണ് പ്രതിഫലമായി നൽകിയിരിക്കുന്നത്.
എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് സെൻസർ ബോർഡ് ‘എ’ (A) സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ നിർമിച്ച ചിത്രത്തിൽ പ്രിയാമണി, മമിത ബൈജു, നരേൻ തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്നുണ്ട്. വിജയ്യുടെ പ്രിയപ്പെട്ട സംവിധായകരായ ലോകേഷ് കനകരാജ്, അറ്റ്ലി, നെൽസൺ എന്നിവർ അതിഥി വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
സത്യൻ സൂര്യൻ ഛായാഗ്രഹണവും അനിൽ അരശ് ആക്ഷൻ രംഗങ്ങളും നിർവഹിച്ച ചിത്രത്തിന് അറിവാണ് വരികൾ എഴുതിയത്.
