‘ ഇടവേളയ്ക്ക് ശേഷം തിരികെവന്നപ്പോള്‍ സിനിമയൊന്നുമില്ല, അങ്ങനെ സീരിയല്‍ ചെയ്തു’ ; സിമ്രാന്

തെന്നിന്ത്യൻ സിനിമയിൽ ഒരുകാലത്ത് ലേഡി സൂപ്പർസ്റ്റാറായി തിളങ്ങിനിന്ന നടി സിമ്രാൻ തൻ്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെക്കുന്നു. വിവാഹശേഷമുള്ള ഇടവേള കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ സിനിമയിൽ അവസരങ്ങളൊന്നും ലഭിച്ചില്ലെന്നും തുടർന്നാണ് ടെലിവിഷൻ പരമ്പരകളിലേക്ക് തിരിഞ്ഞതെന്നും താരം വ്യക്തമാക്കി. മാധ്യമപ്രവർത്തകൻ ഗോപിനാഥിന് നൽകിയ അഭിമുഖത്തിലാണ് സിമ്രാന്റെ തുറന്നുപറച്ചിൽ.
1996 മുതൽ 2003 വരെ സിനിമയിൽ സജീവമായിരുന്നെന്നും വിവാഹത്തോടെയാണ് ചെറിയൊരു ഇടവേളയെടുത്തതെന്നും സിമ്രാൻ പറയുന്നു.
“2003-ലായിരുന്നു വിവാഹം. അതിനുശേഷം കുറച്ചുനാൾ അഭിനയത്തിൽ നിന്ന് മാറിനിൽക്കാൻ ഞാൻ തന്നെയാണ് തീരുമാനിച്ചത്. എന്നാൽ പിന്നീട് തിരികെ വരണമെന്ന് തോന്നിയപ്പോൾ സിനിമകളിലൊന്നും അവസരങ്ങൾ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ടെലിവിഷനിലേക്ക് കടക്കുന്നത്. ജയ ടിവിയിൽ ‘സിമ്രാൻ തിരൈ’ എന്ന പരമ്പര ചെയ്തു,” നടി വ്യക്തമാക്കി.
സീരിയലിലെ പ്രകടനത്തിന് ശേഷമാണ് സൂര്യ നായകനായ ‘വാരണം ആയിരം’ എന്ന ചിത്രത്തിലേക്ക് ക്ഷണിക്കപ്പെടുന്നത്. ചിത്രത്തിൽ സഹനടിയുടെ വേഷമായിരുന്നു തനിക്കെന്നും എന്നാൽ അതിൽ യാതൊരുവിധ അരക്ഷിതാവസ്ഥയും തോന്നിയിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. ജോലി ചെയ്യുക എന്നതായിരുന്നു പ്രധാനം, അതിനാൽ കഥാപാത്രത്തിൻ്റെ വലുപ്പച്ചെറുപ്പം ബാധിച്ചിരുന്നില്ലെന്നും താരം ഓർത്തെടുത്തു.
90-കളുടെ അവസാനത്തിലും 2000-കളുടെ തുടക്കത്തിലും തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങിയിരുന്ന നടിമാരിൽ ഒരാളായിരുന്നു സിമ്രാൻ.
അതേസമയം, രജനികാന്ത് നായകനാകുന്ന ‘ധർമ്മൻ’ ആണ് സിമ്രാന്റെ പുതിയ ചിത്രം. ‘പേട്ട’യ്ക്ക് ശേഷം രജനികാന്തും സിമ്രാനും വീണ്ടും ഒന്നിക്കുന്ന ചിത്രം നിർമ്മിക്കുന്നത് കമൽഹാസനാണ്. അശ്വത് മാരിമുത്തു ആണ് സംവിധായകൻ.
