പാസ്പോർട്ട് കരുത്തിൽ യുഎഇക്ക് ചരിത്രനേട്ടം; ലോകത്തിലെ വമ്പൻ രാജ്യങ്ങളെ പിന്നിലാക്കി കുതിപ്പ്, പട്ടികയിൽ രണ്ടാം സ്ഥാനം

ദുബായ്: ആഗോള തലത്തിൽ പാസ്പോർട്ട് കരുത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി യു.എ.ഇ. പ്രമുഖ അന്താരാഷ്ട്ര സിറ്റിസൺഷിപ്പ് അഡ്വൈസറി ഫേമായ ‘ഹെൻലി ആൻഡ് പാർട്നേഴ്സ്’ പുറത്തുവിട്ട ഏറ്റവും പുതിയ പാസ്പോർട്ട് സൂചികയിൽ ലോകത്തിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് രാജ്യം.
പുതിയ റാങ്കിങ് പ്രകാരം യു.എ.ഇ പൗരന്മാർക്ക് മുൻകൂട്ടി വിസയില്ലാതെയും ഓൺ അറൈവൽ വിസ വഴിയും ലോകമെമ്പാടുമുള്ള 188 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാകും. ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് യു.എ.ഇ രണ്ടാം സ്ഥാനം പങ്കിടുന്നത്. കഴിഞ്ഞ ജനുവരിയിലെ പട്ടികയെ അപേക്ഷിച്ച് മൂന്ന് സ്ഥാനങ്ങൾ ഒറ്റയടിക്ക് ഉയർത്തിയ യു.എ.ഇ തന്നെയാണ് പുതിയ റാങ്കിംഗിൽ ഏറ്റവും വലിയ മുന്നേറ്റം നടത്തിയത്. ഇതോടെ അറബ് ലോകത്തെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ട് എന്ന പദവി രാജ്യം കൂടുതൽ ഉറപ്പിച്ചു.
192 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനമനുവദിക്കുന്ന സിംഗപ്പൂരാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 187 രാജ്യങ്ങളിലേക്ക് പ്രവേശനമുള്ള സ്വീഡൻ മൂന്നാം സ്ഥാനത്തുണ്ട്.
ബെൽജിയം, ഡെൻമാർക്ക്, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, അയർലാൻഡ്, ഇറ്റലി, ലക്സംബർഗ്, നെതർലാൻഡ്സ്, നോർവേ, സ്പെയിൻ എന്നീ രാജ്യങ്ങളാണ് നാലാം സ്ഥാനത്ത് (186 രാജ്യങ്ങൾ). ബ്രിട്ടൻ ആറാം സ്ഥാനത്തും (184 രാജ്യങ്ങൾ) അമേരിക്ക പത്താം സ്ഥാനത്തുമാണ് (180 രാജ്യങ്ങൾ).
അന്താരാഷ്ട്ര വ്യോമയാന ഗതാഗത സംഘടനയുടെ (IATA) ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഹെൻലി പാസ്പോർട്ട് ഇൻഡക്സ് തയ്യാറാക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനില്ലാത്ത കുതിപ്പാണ് യു.എ.ഇ നടത്തിയത്. 2006-ൽ ഇൻഡക്സ് ആരംഭിക്കുമ്പോൾ കേവലം 62-ാം സ്ഥാനത്തായിരുന്ന യു.എ.ഇ, തുടർച്ചയായ നയതന്ത്ര പ്രബന്ധങ്ങളിലൂടെയും സഹകരണ കരാറുകളിലൂടെയും 153 പുതിയ രാജ്യങ്ങളിലേക്ക് കൂടി വിസ രഹിത പ്രവേശനം ഉറപ്പാക്കിയാണ് ഈ നേട്ടം കൈവരിച്ചത്.
