ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ മൂന്ന് മാസത്തേക്കും പുതുക്കാം; നടപടികൾ തുടങ്ങി സൗദി ജവാസത്ത്

റിയാദ്: ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക ജോലിക്കാരുടെ ഇഖാമ (താമസരേഖ) മൂന്നു മാസത്തെ ചുരുങ്ങിയ കാലാവധിയിലേക്ക് പുതുക്കാനുള്ള സൗകര്യം നിലവില്‍ വന്നതായി സൗദി പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) അറിയിച്ചു. പ്രവാസി റിക്രൂട്ട്മെൻറ് പ്ലാറ്റ്ഫോമായ ‘മുസാനിദ്’ വഴിയാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.
മറ്റ് പ്രഫഷനുകളിലുള്ള ജീവനക്കാര്‍ക്ക് ഇഖാമ മൂന്ന്, ആറ്, ഒമ്പത് മാസങ്ങളിലേക്കും ഒരു വര്‍ഷത്തേക്കും പുതുക്കാന്‍ നേരത്തെ അനുമതിയുണ്ടായിരുന്നെങ്കിലും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഈ ആനുകൂല്യം ലഭ്യമായിരുന്നില്ല. പുതിയ പരിഷ്കരണത്തോടെ ഈ വ്യത്യാസം ഇല്ലാതാവുകയാണ്.
ഇതനുസരിച്ച് തൊഴിലുടമകള്‍ക്ക് മുസാനിദ് പ്ലാറ്റ്ഫോം വഴി മൂന്നു മാസത്തെ കാലാവധി തിരഞ്ഞെടുത്ത് അതിനനുസരിച്ചുള്ള ഫീസ് മാത്രം അടച്ചാല്‍ മതിയാകും. മുമ്പ് ഒരു വര്‍ഷത്തേക്ക് ഇഖാമ പുതുക്കുന്നതിന് ഒരുമിച്ച് 650 റിയാലാണ് അടക്കേണ്ടിയിരുന്നത്. ഇനി മുതല്‍ മൂന്നു മാസത്തേക്ക് മാത്രമായി 162.50 റിയാല്‍ വീതം അടച്ച് ഇഖാമ കാലാവധി നീട്ടാം. സ്പോൺസർമാർക്കും ഗാര്‍ഹിക ജോലിക്കാര്‍ക്കും വലിയ സാമ്പത്തിക ആശ്വാസം നൽകുന്നതാണ് പുതിയ ഇളവ്.
