‘ബാത്റൂമിൽ ഒരു മൃതദേഹം ഉണ്ട്, അത് സംസ്കരിക്കണം’; കാമുകനെ കൊന്ന ശേഷം യുവതിയുടെ സന്ദേശം!

കല്യാൺ: മഹാരാഷ്ട്രയിലെ കല്യാണിൽ കാമുകനെ ക്രൂരമായി കൊലപ്പെടുത്തി ബാത്റൂമിൽ തള്ളിയ ശേഷം, മൃതദേഹം മാറ്റാൻ വീട്ടുടമയോട് ആവശ്യപ്പെട്ട് യുവതി കടന്നുകളഞ്ഞു. താനെ മാലംഗ് റോഡിലെ നീൽകണ്ഠ സൊസൈറ്റിയിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
‘ബാത്റൂമിൽ ഒരു മൃതദേഹമുണ്ട്, അത് സംസ്കരിക്കണം’ എന്ന് കാണിച്ച് വീട്ടുടമയ്ക്ക് സന്ദേശം ലഭിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. സംശയം തോന്നിയ വീട്ടുടമ ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ബാത്റൂമിൽ സൂക്ഷിച്ചിരുന്ന ചാക്കിൽ നിന്ന് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പശ്ചിമ ബംഗാൾ സ്വദേശിയായ ഹമീദുല്ല ഇസ്ലാം (37) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഇയാളുടെ കാമുകിയായ ഹസിബ ഇസ്ലാം കൊൽക്കത്തയിലേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചു.
തെളിവ് നശിപ്പിക്കാൻ ശ്രമം
മൃതദേഹം വേഗത്തിൽ അഴുകി തെളിവുകൾ ഇല്ലാതാക്കുന്നതിനായി ബാത്റൂമിലെ ടാപ്പ് മണിക്കൂറുകളോളം തുറന്നിട്ട നിലയിലായിരുന്നു. കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല. ഒളിവിൽ പോയ പ്രതിയെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു.
