സംഘർഷം രൂക്ഷം; ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാർക്ക് ഇന്ത്യയുടെ നിർദേശം

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിൽ, സുരക്ഷാ സാഹചര്യം മെച്ചപ്പെടുന്നതുവരെ ഇറാനിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ ഇന്ത്യൻ പൗരന്മാർക്ക് കർശന നിർദേശം നൽകി. നിലവിൽ ഇറാനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ ലഭ്യമായ വിമാന സർവീസുകൾ പ്രയോജനപ്പെടുത്തി എത്രയും വേഗം രാജ്യം വിടുന്ന കാര്യം പരിഗണിക്കണമെന്ന് ടെഹ്റാനിലെ ഇന്ത്യൻ എംബസി പുറപ്പെടുവിച്ച അടിയന്തര ജാഗ്രതാ നിർദേശത്തിൽ വ്യക്തമാക്കുന്നു.
മേഖലയിലെ അസ്ഥിരതയും അക്രമസംഭവങ്ങളും വരും ദിവസങ്ങളിൽ വർധിക്കാൻ സാധ്യതയുള്ളതിനാൽ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നാണ് എംബസിയുടെ മുന്നറിയിപ്പ്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആരും തന്നെ ഇറാനിലേക്ക് യാത്ര ചെയ്യരുതെന്നും നിർദേശമുണ്ട്.
ഇറാനിൽ തുടരാൻ തീരുമാനിക്കുന്ന ഇന്ത്യക്കാർ പരമാവധി സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. എംബസിയിൽ ഇതുവരെ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യാത്ത എല്ലാ ഇന്ത്യൻ പൗരന്മാരും അടിയന്തരമായി രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. കൃത്യമായ വിവരങ്ങൾക്കായി എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റും സോഷ്യൽ മീഡിയ പേജുകളും നിരന്തരം നിരീക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു. അടിയന്തര സഹായം ആവശ്യമുള്ള പൗരന്മാർക്കായി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും എംബസി തുറന്നിട്ടുണ്ട്.
ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യു.എസ് നടത്തിയ ആക്രമണത്തിന് പിന്നാലെ, പശ്ചിമേഷ്യയിലെ യു.എസ് സഖ്യരാജ്യങ്ങൾക്ക് നേരെ ഇറാനും ശക്തമായ തിരിച്ചടി ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലായ സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ നിർണായക നീക്കം.
