ബീഹാറില്‍ നിന്നും ബാലവേലയ്ക്ക് കൊണ്ടുവന്ന 9 കുട്ടികളെ രക്ഷപ്പെടുത്തി ; മലയാളി ഏജന്റിനായി പോലീസ് അന്വേഷണം
കൊച്ചി: ബീഹാറില്‍ നിന്നും കേരളത്തിലേക്ക് ബാലവേലയ്ക്കായി കൊണ്ടുവന്ന ഒമ്പത് കുട്ടികളെ റെയില്‍വേപോലീസ് രക്ഷപ്പെടുത്തി. മണിക്കൂറിന് 50 രൂപ കൂലിക്ക് കൊണ്ടുവന്ന കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന രണ്ടു മുതിര്‍ന്നവരെ പോലീസ് പിടികൂടിയിട്ടുണ്ട്. കുട്ടികളെ കൊണ്ടുവരാന്‍ നിര്‍ദേശിച്ചതെന്ന് കരുതുന്നയാള്‍ക്ക് വേണ്ടി പോലീസ് അനേവഷണം ആരംഭിച്ചതായിട്ടാണ് വിവരം.
കൊച്ചിയില്‍ ട്രെയിനില്‍ വന്നിറങ്ങിയപ്പോള്‍ സംശയം തോന്നിയാണ് ആര്‍പിഎഫ് വിവരം ചോദിച്ചറിഞ്ഞത്. പ്ളൈവുഡ് ഫാക്ടറിയിലെ ജോലിക്കായി കൊണ്ടുവന്നതാണെന്നാണ് ഇവര്‍ നല്‍കിയമൊഴി. കുട്ടികള്‍ ഇപ്പോള്‍ സുരക്ഷിതരാണ്. എറണാകുളം പത്മയില്‍ കഴിഞ്ഞദിവസമാണ് കുട്ടികളുടെ സംഘം വന്നിറങ്ങിയത്. കുട്ടികള്‍ക്കൊപ്പം സുനില്മണ്ഡല് എന്നയാള്‍ ഉള്‍പ്പെടെ രണ്ടുപേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
മലയാളിയായ ഏജന്റിന്റെ നിര്‍ദേശപ്രകാരമാണ് കൊണ്ടുവന്നതെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. അരുണ്‍ തോമസ് എന്ന ഏജന്റാണ് കുട്ടികളെ കൊണ്ടുവന്നതെന്നാണ് പിടികൂടിയവര്‍ നല്‍കിയിരിക്കുന്ന മൊഴി. ഇയാള്‍ക്ക് വേണ്ടിയുള്ള കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. കുട്ടികളെ ചൈല്ഡ്ലൈന് കൈമാറി. ഓടക്കാലയിലെ പ്ളൈവുഡ് ഫാക്ടറിയിലേക്കാണ് കുട്ടികളെ കൊണ്ടുവന്നതെന്നാണ് വിവരം.
