ലളിതമെന്ന് കരുതി വായ്പ്പുണ്ണ് അവഗണിക്കരുത്; കൂടുതൽ മാരകമായ രോഗങ്ങളുടെ ലക്ഷണമാകാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പല്ലുവേദനയോ വായ്പ്പുണ്ണോ എന്ന് കരുതി അവഗണിക്കരുത്; ഈ 5 ലക്ഷണങ്ങൾ വായയിലെ ക്യാൻസറാകാം!
സാധാരണയായി കാണാറുള്ള വായ്പ്പുണ്ണുകൾ, ചുവന്നതോ വെളുത്തതോ ആയ പാടുകൾ, പല്ലുകൾ ആടുക തുടങ്ങിയ ലക്ഷണങ്ങളെ പലരും സാധാരണ ദന്തപ്രശ്നങ്ങളായി കരുതി തള്ളിക്കളയാറുണ്ട്. എന്നാൽ ഇവ വായയിലെ ക്യാൻസറിന്റെ (Oral Cancer) പ്രാരംഭ ലക്ഷണങ്ങളാകാമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. തുടക്കത്തിലെ ലക്ഷണങ്ങൾ തിരിച്ചറിയാത്തതും അറിവില്ലായ്മയും കാരണം ലക്ഷക്കണക്കിന് ആളുകളാണ് രോഗം ഗുരുതരമായ അവസ്ഥയിലെത്തുമ്പോൾ മാത്രം ചികിത്സ തേടുന്നത്.
വായയിലെ ക്യാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങൾക്ക് പല്ലിലെ അണുബാധ, മോണരോഗങ്ങൾ (Gum diseases) എന്നിവയുമായി വലിയ സാമ്യമുണ്ട്. അതുകൊണ്ട് തന്നെ രോഗികൾ വിദഗ്ധ ചികിത്സ തേടാൻ വൈകുന്നു.
നിങ്ങൾ ഒരിക്കലും അവഗണിക്കരുതാത്ത 5 പ്രധാന മുന്നറിയിപ്പ് ലക്ഷണങ്ങൾ ഇതാ:
1. വിട്ടുമാറാത്ത വായ്പ്പുണ്ണുകളും പാടുകളും
സാധാരണ വായ്പ്പുണ്ണുകൾ (Canker sores) പരമാവധി രണ്ടാഴ്ചയ്ക്കുള്ളിൽ ഭേദമാകാറുണ്ട്. എന്നാൽ ക്യാൻസർ മൂലമുണ്ടാകുന്ന വ്രണങ്ങൾ മാറില്ല. രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന പുണ്ണുകൾ നിർബന്ധമായും ഡോക്ടറെ കാണിച്ച് പരിശോധിക്കണം. കൂടാതെ, വായയ്ക്കുള്ളിൽ കാണുന്ന മാറാത്ത വെളുത്തതോ ചുവന്നതോ ആയ പാടുകളും ക്യാൻസറിന്റെ തുടക്കമാകാൻ സാധ്യതയുണ്ട്.
2. താടിയെല്ലിലോ നാക്കിലോ തുടർച്ചയായ വേദന
താടിയെല്ലിലോ നാക്കിലോ ഉണ്ടാകുന്ന നീണ്ടുനിൽക്കുന്ന വേദന പലരും പല്ലിലെ കേടോ അണുബാധയോ ആണെന്ന് കരുതി അവഗണിക്കാറുണ്ട്. എന്നാൽ ഇത്തരം അസ്വസ്ഥതകൾ ദീർഘനാൾ തുടരുകയാണെങ്കിൽ കൂടുതൽ പരിശോധനകൾ അത്യാവശ്യമാണ്.
3. കാരണമില്ലാതെ പല്ലുകൾ ആടുക
മോണരോഗങ്ങളുടെയോ പരിക്കുകളുടെയോ പശ്ചാത്തലമില്ലാതെ പല്ലുകൾ പെട്ടെന്ന് ആടാൻ തുടങ്ങുന്നത് ക്യാൻസറിന്റെ ഒരു പ്രധാന ലക്ഷണമാകാം. പലരും ശ്രദ്ധിക്കാതെ പോകുന്ന ഒരു അപകടസൂചനയാണിത്.
4. വായുടെ ചലനങ്ങളിലെ ബുദ്ധിമുട്ടും തരിപ്പും
വായ്ക്കുള്ളിലെ ക്യാൻസർ മുഴകൾ നാക്കിന്റെയും താടിയെല്ലിന്റെയും സ്വാഭാവിക ചലനങ്ങളെ തടസ്സപ്പെടുത്താം. ഭക്ഷണം ചവയ്ക്കാനും വിഴുങ്ങാനുമുള്ള ബുദ്ധിമുട്ട്, വായയ്ക്കുള്ളിലെ ഞരമ്പുകൾ അമരുന്നത് മൂലമുണ്ടാകുന്ന തരിപ്പ് അല്ലെങ്കിൽ സ്പർശനശേഷി നഷ്ടപ്പെടൽ എന്നിവ വളരെ ഗൗരവമായി കാണേണ്ടതുണ്ട്.
5. തൊണ്ടയിലെ അസ്വസ്ഥതയും ശബ്ദമാറ്റവും
വായയുടെ പിൻഭാഗത്തോ തൊണ്ടയിലോ ഉണ്ടാകുന്ന മാറ്റങ്ങൾ ശബ്ദത്തിലും വിഴുങ്ങാനുള്ള ശേഷിയിലും വ്യത്യാസമുണ്ടാക്കും. വിട്ടുമാറാത്ത തൊണ്ടവേദന, ശബ്ദത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം, അല്ലെങ്കിൽ തൊണ്ടയിൽ എന്തോ കുടുങ്ങിക്കിടക്കുന്നത് പോലുള്ള നിരന്തരമായ തോന്നൽ എന്നിവ അവഗണിക്കരുത്.
