ങേ, ആരാണിത്? അയ്യോ എന്റെ മോളല്ലേ? അമ്പരന്ന് അമ്മ; 3 വർഷത്തിനുശേഷം, മകളുടെ സർപ്രൈസ്!

പ്രിയപ്പെട്ടവരെ പിരിഞ്ഞു കഴിയുകയെന്നത് പ്രവാസ ജീവിതത്തിലെ ഏറ്റവും വലിയ വേദനകളിലൊന്നാണ്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ തിരിച്ചുവരവിനായി മാസങ്ങളും വർഷങ്ങളും കാത്തിരിക്കുന്ന കുടുംബങ്ങളുടെ അവസ്ഥയും മറിച്ചല്ല. അത്തരത്തിൽ, വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ സർപ്രൈസ് സന്ദർശനത്തിലൂടെ സ്വന്തം കുടുംബത്തെ ഞെട്ടിച്ച ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അമേരിക്കയിൽനിന്ന് മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം നാട്ടിൽ തിരിച്ചെത്തിയ മൈത്രി പട്ടേൽ എന്ന യുവതിയാണ് ഈ വൈകാരിക നിമിഷങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
“ഏറ്റവും അനുഗ്രഹീതമായ നിമിഷങ്ങൾ! ഈയൊരു നിമിഷത്തിന് വേണ്ടിയാണ് ഇത്രയും കാലം കാത്തിരുന്നത്…” – എന്ന് കുറിച്ചുകൊണ്ടാണ് മൈത്രി വീഡിയോ പോസ്റ്റ് ചെയ്തത്.
അമേരിക്കയിൽനിന്ന് നാട്ടിലെത്തിയ മൈത്രി ആരെയും അറിയിക്കാതെ നിശബ്ദയായി വീട്ടിലേക്ക് നടന്നു വരുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. വീടിന് മുന്നിൽ നിൽക്കുകയായിരുന്ന അമ്മയുടെ അടുത്തേക്ക് ഓടിച്ചെല്ലുന്ന മകളെ കണ്ട് അമ്മ ആദ്യം ഒന്ന് അമ്പരക്കുന്നുണ്ട്. എന്നാൽ, മുന്നിൽ നിൽക്കുന്നത് സ്വന്തം മകൾ തന്നെയാണെന്ന് തിരിച്ചറിഞ്ഞതോടെ അമ്മ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു.
തൊട്ടടുത്തുണ്ടായിരുന്ന സഹോദരിയും അപ്രതീക്ഷിതമായി മൈത്രിയെ കണ്ടതിന്റെ അത്ഭുതത്തിലായി. തുടർന്ന് വീട്ടിലെ മറ്റ് കുടുംബാംഗങ്ങളും അച്ഛനും താഴേക്കുവന്ന് മൈത്രിയെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിടുന്നതും വീഡിയോയിലുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഈ നിമിഷത്തിന് സാക്ഷികളായി.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് തരംഗമായത്. “വളരെ സന്തോഷം തോന്നുന്നു”, “ബന്ധങ്ങൾ ശക്തമാണെങ്കിൽ അകലം ഒരു പ്രശ്നമേയല്ല”, “കണ്ണുനിറഞ്ഞുപോയി ഈ കാഴ്ച കണ്ട്…” തുടങ്ങി നിരവധി വൈകാരികമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. പ്രിയപ്പെട്ടവരുടെ ഇത്തരം കൂടിച്ചേരലുകൾ കാണുന്ന ഏതൊരാളുടെയും കണ്ണ് നിറയിക്കുന്നതാണ് ഈ രംഗങ്ങൾ.
