സ്വർണവിലയിൽ വൻ ഇടിവ്: പവന് ഒറ്റയടിക്ക് 1,240 രൂപ കുറഞ്ഞു; റെക്കോർഡ് ഉയരത്തിൽനിന്ന് താഴേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ശക്തമായ ഇടിവ്. പവന് ഒറ്റയടിക്ക് 1,240 രൂപ കുറഞ്ഞതോടെ വില വീണ്ടും 1,06,000 രൂപയ്ക്ക് താഴെയെത്തി. നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,05,720 രൂപയാണ്. ഗ്രാമിന് 155 രൂപയുടെ കുറവോടെ ഒരു ഗ്രാം സ്വർണത്തിന് 13,215 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അമേരിക്ക–ഇറാൻ നയതന്ത്ര സംഘർഷങ്ങൾക്ക് അയവുവന്നതും അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞതുമാണ് സ്വർണത്തിന് തിരിച്ചടിയായത്. ഇതിനുപുറമെ, യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് സമീപഭാവിയിൽ പലിശനിരക്ക് വർധിപ്പിച്ചേക്കുമെന്ന സൂചനകളും ഡോളർ കരുത്താർജിച്ചതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിനുള്ള പ്രിയം കുറച്ചു.
അന്താരാഷ്ട്ര വിപണിയിലെ പ്രതിഫലനങ്ങൾ വരും ദിവസങ്ങളിലും പ്രാദേശിക വിപണിയെ സ്വാധീനിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഈ വർഷം ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ എക്കാലത്തെയും ഉയർന്ന സ്വർണവില. കഴിഞ്ഞ ഡിസംബർ 23-നാണ് ചരിത്രത്തിലദ്യമായി പവൻവില ഒരു ലക്ഷം കടന്നത്
