വരാനിരിക്കുന്നത് വൻയുദ്ധം! ഇന്ത്യൻ വിപണിയിലേക്ക് എത്തുന്ന വാഹനഭീമന്മാർ ഇവർ
ഏതൊരു വാഹന നിര്‍മാതാക്കളേയും ആകര്‍ഷിക്കാന്‍ തക്ക വലിപ്പവും പേടിപ്പിക്കാന്‍ പോന്ന കടുത്ത മത്സരവും ഇന്ത്യയിലെ വാഹന വിപണിക്കുണ്ട്. ഈ വെല്ലുവിളിയേയും സാധ്യതയേയും ഉള്‍ക്കൊണ്ട് രാജ്യാന്തര വാഹന ഭീമന്മാര് ഇന്ത്യന്‍ വിപണിയിലേക്ക് എത്തുകയാണ്. വൈകാതെ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്ന പ്രമുഖ ബ്രാന്‍ഡുകളെ പരിചയപ്പെടാം.
1. ജെഎസ്ഡബ്ല്യു മോട്ടോഴ്സ് (JSW Motors)
ജെഎസ്ഡബ്ല്യു ഗ്രൂപ്പ് തങ്ങളുടെ പുതിയ കാര്‍ നിര്‍മാണ കമ്പനിയായ ജെഎസ്ഡബ്ല്യു മോട്ടോഴ്സ് വഴി ഇന്ത്യന്‍ ഓട്ടോമൊബീല്‍ രംഗത്തേക്ക് ചുവടുവെക്കുകയാണ്. നിലവില്‍ എംജി മോട്ടോറുമായി സഹകരിക്കുന്ന കമ്പനി ഭാവിയില്‍ സ്വതന്ത്രമായി മാറും. നാലു വര്‍ഷത്തിനുള്ളില്‍ 15 പുതിയ മോഡലുകളാണ് ഇന്ത്യയിലെത്തിക്കുക. ഇതിനായി ചൈനീസ് വാഹന നിര്‍മാതാക്കളായ ചെറിയുമായും (Chery) ജെഎസ്ഡബ്ല്യു കൈകോര്‍ത്തിട്ടുണ്ട്.

ജെടൂര്‍ ടി2 (Jetour T2): ഈ വര്‍ഷത്തെ ഉത്സവ സീസണോടെ എത്തുന്ന ആദ്യ മോഡല്‍.
ചെറി ഐകാര്‍ വി23 (Chery iCar V23): റഫ് ലുക്കിലെത്തുന്ന ഇലക്ട്രിക്ക് എസ്യുവി (റേഞ്ച്: 401 – 510 കി.മീ).
ജാക്കൂ ജെ5 (Jaecoo J5): ക്രേറ്റ ഇവിക്കെതിരെയുള്ള മിഡ്സൈസ് ഇലക്ട്രിക്ക് എസ്യുവി (210 hp കരുത്ത്, 460 കി.മീ റേഞ്ച്).
ചെറി ടിഗോ 8 (Chery Tiggo 8): മഹീന്ദ്ര എക്സ് യുവി 7എക്സ്ഒയോട് മത്സരിക്കാന്‍ എത്തുന്ന 1.5 ലീറ്റര്‍ ഹൈബ്രിഡ് പെട്രോള്‍ വാഹനം.
എക്സീഡ് എക്സ്ലാന്റിക്സ് ഇടി (Exeed Exlantix ET): പ്രീമിയം ആഡംബര ഇവി എസ്യുവി.
2. ജെനസിസ് (Genesis)
ഹ്യുണ്ടേയുടെ ആഡംബര വാഹന ബ്രാന്‍ഡായ ജെനസിസ് 2027ഓടെ ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ്. 2030ഓടെ 26 പുതിയ മോഡലുകള്‍ അവതരിപ്പിക്കാനാണ് വലിയ പദ്ധതി.

ജിവി80 എസ്യുവി (GV80 SUV): ബ്രാൻഡിന്റെ ഇന്ത്യയിലെ ആദ്യ മോഡല്‍. സിഗ്നേച്ചര്‍ ക്രെസ്റ്റ് ഗ്രില്ലും ട്വിന്‍ ലൈന്‍ ഹെഡ്ലാംപും പ്രധാന ആകര്‍ഷണം.
രാജ്യാന്തര വിപണിയില്‍ 2.5 ലീറ്റര്‍, 3.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. ജിവി 80യുടെ കൂപ്പെ പതിപ്പും കമ്പനി ഇന്ത്യയില്‍ ട്രേഡ്മാര്‍ക്ക് ചെയ്തിട്ടുണ്ട്.
3. സ്ലേറ്റ് ഓട്ടോ (Slate Auto)
ആമസോണിന്റെ പിന്തുണയുള്ള അമേരിക്കന്‍ വൈദ്യുത വാഹന സ്റ്റാര്‍ട്ട്അപ്പായ സ്ലേറ്റ് ഓട്ടോയും ഇന്ത്യന്‍ വിപണി ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി ഇലക്ട്രിക്ക് പിക് അപ് ട്രക്ക്, എസ്യുവി മോഡലുകളുടെ ഡിസൈന്‍ പേറ്റന്റുകള്‍ കമ്പനി ഇന്ത്യയില്‍ ഫയല്‍ ചെയ്തു കഴിഞ്ഞു.

വാഹനങ്ങളില്‍ പ്രത്യേക സ്ക്രീനുകള്‍ക്കു പകരം ഉപഭോക്താക്കളുടെ സ്മാര്‍ട്ട്ഫോണോ ടാബ്ലറ്റോ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമായി ഉപയോഗിക്കാം.
ഫാക്ടറിയില്‍ നിന്നും ഗ്രേ നിറത്തില്‍ മാത്രം ഇറങ്ങുന്ന വാഹനങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തം ഇഷ്ടത്തിനനുസരിച്ച് കളര്‍ റാപ്പുകളും ബോഡി പാനലുകളും ചേര്‍ക്കാം.
ഒരേ പ്ലാറ്റ്ഫോമില്‍ ആവശ്യാനുസരണം പിക്അപ് ട്രക്കായും 5 സീറ്റര്‍ എസ്യുവിയായും മാറ്റിയെടുക്കാവുന്ന മോഡുലാര്‍ ബോഡിയാണ് മറ്റൊരു പ്രത്യേകത.
3. ലീപ്മോട്ടോര്‍ (Leapmotor)
2015ല്‍ പ്രവര്‍ത്തനം ആരംഭിച്ച ചൈനീസ് ഇലക്ട്രിക്ക് വാഹന നിര്‍മാതാക്കളായ ലീപ്മോട്ടോര്‍, ജീപ്, സിട്രോണ്‍ എന്നിവയുടെ ഉടമകളായ സ്റ്റെല്ലാന്റിസ് ഗ്രൂപ്പുമായി സഹകരിച്ചാണ് ഇന്ത്യയിലേക്ക് എത്തുന്നത്.

ലീപ്മോട്ടോര്‍ ടി03 (T03): ടാറ്റ ടിയാഗോ ഇവി, എംജി കോമറ്റ് ഇവി എന്നിവയോട് മത്സരിക്കുന്ന എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക്.
ലീപ്മോട്ടോര്‍ സി10 (C10): ഹ്യുണ്ടേയ് ക്രേറ്റ ഇവി, മഹീന്ദ്ര ബിഇ6 എന്നിവയോട് ഏറ്റുമുട്ടുന്ന മിഡ് സൈസ് ഇവി എസ്യുവി (റേഞ്ച്: 420 കി.മീ).
ലീപ്മോട്ടോര്‍ ബി10 (B10): വിപണിയില്‍ തരംഗമാകാന്‍ സാധ്യതയുള്ള മോഡല്‍ (റേഞ്ച്: 434 കി.മീ വരെ).
