വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും തിരിച്ചടി; പുതിയ പെൻഷൻ ഉത്തരവിനെതിരെ പിണറായി

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം പൂർണമായും ബാങ്ക് അക്കൗണ്ടുകളിലേക്ക് ഡി.ബി.ടി (ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ) വഴി മാത്രമാക്കാനുള്ള സർക്കാറിന്റെ നീക്കം അംഗീകരിക്കാനാവില്ലെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ സംഘങ്ങൾ വഴി ഗുണഭോക്താക്കളുടെ വീട്ടുപടിക്കൽ പെൻഷൻ എത്തിക്കുന്ന ജനകീയ സംവിധാനം തകർക്കാനുള്ള നീക്കമാണ് പുതിയ ഉത്തരവിലൂടെ നടക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
കിടപ്പുരോഗികളല്ലാത്ത എല്ലാവർക്കും ആധാർ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രം പെൻഷൻ നൽകാനുള്ള തീരുമാനം, ഭാവിയിൽ പെൻഷൻ പദ്ധതിയെത്തന്നെ ദു
ർബലപ്പെടുത്തുന്നതിന്റെ ആദ്യപടിയാണ്. വീട്ടുപടിക്കൽ പെൻഷൻ കൈപ്പറ്റുന്നവരിൽ ഭൂരിഭാഗവും വയോജനങ്ങളും ബാങ്കിങ് സേവനങ്ങൾ എളുപ്പത്തിൽ പ്രാപ്യമല്ലാത്ത പ്രദേശങ്ങളിൽ ഉള്ളവരുമാണ്.
കേന്ദ്ര നിർദേശം പാലിച്ചില്ലെങ്കിൽ സഹായം നഷ്ടപ്പെടുമെന്ന സർക്കാറിന്റെ വാദം തെറ്റാണ്. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന സാമൂഹ്യസുരക്ഷാ പെൻഷനിൽ കേന്ദ്ര വിഹിതം തികച്ചും തുച്ഛമാണ്; ഭൂരിഭാഗം തുകയും സംസ്ഥാന സർക്കാറാണ് വഹിക്കുന്നത്. അതിനാൽ പുതിയ ഉത്തരവ് അടിയന്തരമായി പിൻവലിച്ച്, മുഴുവൻ ഗുണഭോക്താക്കൾക്കും സഹകരണ സംഘങ്ങൾ വഴി വീട്ടിലെത്തി പെൻഷൻ നൽകുന്ന രീതി പുനഃസ്ഥാപിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
