ലാപ്ടോപ്, സൈക്കിൾ, സ്വർണ മോതിരം, സാരി; സൂപ്പർ ഹിറ്റാവാൻ ടിവികെയുടെ ആദ്യ ബജറ്റ്

ചെന്നൈ: സിനിമയിലെ സൂപ്പർ ഹിറ്റ് വിജയത്തിന് പിന്നാലെ രാഷ്ട്രീയത്തിലും തരംതീർക്കാൻ ഒരുങ്ങി തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ സി. ജോസഫ് വിജയ്. യുവാക്കളെയും സ്ത്രീകളെയും ലക്ഷ്യമിട്ട് ആകർഷകമായ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് പുറത്തിറങ്ങി. ‘വെട്രി തമിഴകം’ എന്ന കാഴ്ചപ്പാടിൽ അവതരിപ്പിച്ച ആദ്യ ബജറ്റിൽ നവജാത ശിശുക്കൾക്ക് സ്വർണ്ണ മോതിരം, വധുക്കൾക്ക് പട്ടുസാരി, വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പും ബ്രാൻഡഡ് സൈക്കിളുകളും അടക്കമുള്ള വൻകിട ക്ഷേമ പദ്ധതികളാണ് ഇടംപിടിച്ചിരിക്കുന്നത്.
വിജയിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ‘അണ്ണൻ സീർ’ പദ്ധതിക്കായി 812 കോടി രൂപയാണ് സർക്കാർ മാറ്റിവെച്ചത്. ഇതിലൂടെ വിവാഹവേളയിൽ സ്ത്രീകൾക്ക് 8 ഗ്രാം സ്വർണ്ണവും പട്ടുസാരിയും സമ്മാനമായി ലഭിക്കും. കൂടാതെ, ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ വഴി സെപ്റ്റംബർ മുതൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകാൻ 560 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. യുവതലമുറയെ ലക്ഷ്യമിട്ട്, 2026-27 അക്കാദമിക് വർഷത്തിൽ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന 5.32 ലക്ഷം പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സൗജന്യ ബ്രാൻഡഡ് സൈക്കിളുകളും ഹെൽമെറ്റുകളും നൽകാൻ 277 കോടി രൂപയും, കോളേജ് വിദ്യാർത്ഥികൾക്കായി 2,000 കോടി രൂപയുടെ ‘വെട്രി ലാപ്ടോപ്പ്’ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനുപുറമെ, 2031-ഓടെ അഞ്ച് ലക്ഷം യുവാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പരിശീലനവും, 12 ലക്ഷം കോളേജ് വിദ്യാർത്ഥികൾക്കും ഒരു ലക്ഷം തൊഴിലില്ലാത്തവർക്കും നൈപുണ്യ വികസനവും നൽകാനും സർക്കാർ ലക്ഷ്യമിടുന്നു. മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതി എട്ടാം ക്ലാസ് വരെയായി വിപുലീകരിച്ചതോടൊപ്പം, ഒളിമ്പിക്സ് ലക്ഷ്യമിട്ട് 10 കായിക പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ 50 കോടി രൂപയും, 10,000 സ്ത്രീകൾക്ക് സൗജന്യമായി കന്നുകാലികളെ നൽകാൻ 57 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഈ വർഷം അധികാരത്തിൽ എത്തിയതിന് ശേഷം വിജയ് സർക്കാരിന്റെ ഭരണമികവ് തെളിയിക്കുന്ന ഏറ്റവും നിർണായക ചുവടുവെപ്പായാണ് ഈ ബജറ്റ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
