മഴക്കൊപ്പം കള്ളക്കടൽ ജാഗ്രത നിർദേശം, മൂന്ന് ദിവസം കൂടി ഓറഞ്ച് അലർട്ട് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയും കടലാക്രമണ മുന്നറിയിപ്പും തുടരുന്നു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ നാളെ (ആഗസ്റ്റ് 6) രാത്രി 11.30 വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
കാപ്പിൽ മുതൽ പൊഴിയൂർ വരെ (തിരുവനന്തപുരം), ആലപ്പാട്ട് മുതൽ ഇടവ വരെ (കൊല്ലം), ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ (ആലപ്പുഴ) ഉള്ള തീരപ്രദേശങ്ങളിലാണ് 1.1 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കയറാൻ സാധ്യതയുള്ളത്. ഈ സാഹചര്യത്തിൽ തീരവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
അതേസമയം, അടുത്ത മൂന്ന് ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ തുടർച്ചയായ മൂന്ന് ദിവസങ്ങളിലും ഓറഞ്ച് അലർട്ട് തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
