പ്രധാനമന്ത്രിയെ അസഭ്യം പറഞ്ഞ 15 കാരിയും അമ്മയും വീടുവിട്ടിറങ്ങി

നോയിഡ: ജന്തർമന്തറിൽ നടന്ന പ്രതിഷേധത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ 15 കാരിയും മാതാവും നോയിഡയിലെ വാടകവീട് ഉപേക്ഷിച്ചു. പൊലീസിന്റെയും അപരിചിതരുടെയും നിരന്തരമായ ശല്യപ്പെടുത്തലുകളെത്തുടർന്നാണ് കുടുംബം വീടുവിട്ടിറങ്ങാൻ നിർബന്ധിതരായത്. അപമാനം സഹിക്കാനാവാത്തതിനാൽ ഇനിയെങ്കിലും തങ്ങളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ഇവർ അഭ്യർത്ഥിക്കുന്നു.
രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് വിധവയായ മാതാവും പത്താം ക്ലാസ് വിദ്യാർത്ഥിനിയായ മകളും നോയിഡയിലെ വാടകവീട്ടിൽ നിന്നും പെട്ടെന്ന് ഇറങ്ങിപ്പോകേണ്ടി വന്നത്. പെൺകുട്ടി പ്രധാനമന്ത്രിക്കെതിരെയുള്ള വിവാദ പരാമർശങ്ങളിൽ ഉൾപ്പെട്ടതിനെ തുടർന്ന് പൊലീസും പുറത്തുനിന്നുള്ളവരും വീടിന് മുന്നിൽ തടിച്ചുകൂടിയതോടെ കുടുംബത്തിന് മറ്റ് വഴികളില്ലാതെവന്നു.
മകൾ പരസ്യമായി മാപ്പ് പറയുകയും പ്രധാനമന്ത്രി അത് സ്വീകരിക്കുകയും ചെയ്തിട്ടും തങ്ങളുടെ ദുരിതങ്ങൾ അവസാനിച്ചിട്ടില്ലെന്ന് മാതാവ് വ്യക്തമാക്കുന്നു. പ്രധാനമന്ത്രി മാപ്പ് നൽകിയതിലൂടെ മകൾക്ക് ‘പുതുജീവൻ’ ലഭിച്ചതായി ഇവർ നേരത്തെ പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞിരുന്നു. തങ്ങൾക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള മറ്റൊരു വീഡിയോയും ഇവർ പങ്കുവെച്ചിരുന്നു.
