പഠിക്കാനായി അച്ഛന്റെ ഫോൺ വാങ്ങി, തിരികെ കൊടുത്തപ്പോൾ അക്കൗണ്ടിൽ നിന്നും പോയത് 42,000 രൂപ! റോബ്ലോക്സ് വാങ്ങിയത് എട്ടാം ക്ലാസ് വിദ്യാർത്ഥി

“ഞാൻ ഇപ്പോൾ ഗുരുതരാവസ്ഥയിലാണ്. ഇന്നലെ എന്റെ സഹോദരൻ പഠിക്കാൻ അച്ഛന്റെ ഫോൺ എടുത്തു (എട്ടാം ക്ലാസ്). പക്ഷേ അവൻ പഠിക്കുന്നതിന് പകരം റോബ്ലോക്സ് കളിക്കുകയും, അതിനായി 42,000 രൂപ ചെലവഴിക്കുകയും ചെയ്തു. റോബ്ലോക്സിൽ മുഴുവൻ റോബക്സും അവൻ ഉപയോഗിച്ചു തീർത്തു. ഇപ്പോൾ ഏകദേശം 100 റോബക്സ് മാത്രമേ അക്കൗണ്ടിൽ ബാക്കിയുള്ളൂ.”
കൊച്ചി: പഠനാവശ്യത്തിന് അച്ഛന്റെ മൊബൈൽ ഫോൺ വാങ്ങി ഓൺലൈൻ ഗെയിമിൽ മുങ്ങി എട്ടാം ക്ലാസ് വിദ്യാർത്ഥി. അച്ഛന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 42,000 രൂപ ചെലവഴിച്ച് റോബ്ലോക്സ് (Roblox) കറൻസി വാങ്ങിയ സംഭവത്തിൽ വലഞ്ഞിരിക്കുകയാണ് കുടുംബം. ഈ ദുരനുഭവം കുട്ടിയുടെ സഹോദരൻ റെഡിറ്റിൽ പങ്കുവെച്ചതോടെ സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
സാമ്പത്തിക പ്രതിസന്ധിയിൽ കുടുംബം
കുടുംബത്തിന്റെയോ മാതാപിതാക്കളുടെയോ അറിവോ സമ്മതമോ ഇല്ലാതെയാണ് കുട്ടി പണം ചെലവഴിച്ചതെന്ന് സഹോദരൻ വ്യക്തമാക്കി. റെഡിറ്റിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:
ഈ പ്രവൃത്തിമൂലം കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സ്കൂൾ ഫീസ് അടയ്ക്കാനും വായ്പ തിരിച്ചടയ്ക്കാനുമായി കരുതിവെച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടതെന്നും സഹോദരൻ കൂട്ടിച്ചേർത്തു. നഷ്ടപ്പെട്ട തുക തിരികെ ലഭിക്കാൻ എന്തെങ്കിലും മാർഗമുണ്ടോയെന്നും അദ്ദേഹം സമൂഹ മാധ്യമ ഉപയോക്താക്കളോട് തേടിയിരുന്നു.
എന്താണ് റോബ്ലോക്സ്?
ലോകമെമ്പാടുമുള്ള കുട്ടികൾക്കും കൗമാരക്കാർക്കും ഇടയിൽ ഏറെ പ്രചാരമുള്ള ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമാണ് റോബ്ലോക്സ്. ഉപയോക്താക്കൾക്ക് സ്വന്തമായി ഗെയിമുകൾ സൃഷ്ടിക്കാനും മറ്റുള്ളവർ വികസിപ്പിച്ച ത്രിമാന ഗെയിമുകൾ കളിക്കാനും ഇതിലൂടെ സാധിക്കും. ഗെയിമിനുള്ളിലെ അവതാരങ്ങൾ, വസ്ത്രങ്ങൾ, ആക്സസറികൾ എന്നിവ വാങ്ങാൻ ഉപയോഗിക്കുന്ന വെർച്വൽ കറൻസിയാണ് റോബക്സ് (Robux). ഇത്തരം ഓരോ സൗകര്യങ്ങളും ഉപയോഗിക്കണമെങ്കിൽ യഥാർത്ഥ പണം നൽകേണ്ടതുണ്ട്.
നെറ്റിസെൻസിന്റെ നിർദ്ദേശങ്ങൾ
സംഭവം വൈറലായതോടെ നിരവധി പേരാണ് സഹായവുമായി രംഗത്തെത്തിയത്. ബാങ്കിനെയും റോബ്ലോക്സ് അധികൃതരെയും സമീപിച്ച് അനുമതിയില്ലാതെ നടന്ന ഇടപാടാണെന്ന് (Unauthorized transaction) ഉടൻ റിപ്പോർട്ട് ചെയ്യാൻ നെറ്റിസെൻസ് ആവശ്യപ്പെട്ടു. ഗൂഗിൾ പ്ലേ സ്റ്റോർ/ആപ്പ് സ്റ്റോർ വഴി റീഫണ്ടിന് അഭ്യർഥിക്കാനും, ആവശ്യമെങ്കിൽ ബാങ്കിന്റെ ചാർജ്ബാക്ക് (Chargeback) നടപടികൾ സ്വീകരിക്കാനും ചിലർ ഉപദേശിച്ചു. എന്നാൽ പണം തിരികെ കിട്ടിയാലും ഇല്ലെങ്കിലും കുട്ടിയുടെ റോബ്ലോക്സ് അക്കൗണ്ട് ഇതിലൂടെ പൂജ്യത്തിലാകുമെന്നാണ് സമൂഹ മാധ്യമങ്ങളുടെ പ്രതികരണം.
