ജീവനക്കാരിക്ക് വഴിവിട്ട് പണം നൽകി, ഇൻഫാന്റിനോയ്ക്കെതിരെ ഗുരുതര സാമ്പത്തിക തിരിമറി ആരോപണം

സൂറിച്ച്/ലണ്ടൻ: ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫയുടെ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്കെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി യുകെ മാധ്യമങ്ങൾ. യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻ (യുവേഫ) ജനറൽ സെക്രട്ടറിയായിരിക്കെ, വ്യക്തിപരമായ ബന്ധങ്ങളുടെ പേരിൽ ഒരു ജീവനക്കാരിക്ക് വഴിവിട്ട് വൻതുകയും ആനുകൂല്യങ്ങളും നൽകിയെന്നാണ് പുതിയ വെളിപ്പെടുത്തൽ. ബ്രിട്ടീഷ് ദിനപത്രമായ ‘ദി ഡെയ്ലി ടെലിഗ്രാഫ്’ ആണ് ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടത്.
2009-2016 കാലയളവിൽ യുവേഫ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കവേ, സാങ്കേതിക വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന ഒരു ജീവനക്കാരിക്ക് ഇൻഫാന്റിനോ നിയമവിരുദ്ധമായി സ്ഥാനക്കയറ്റവും വൻ ശമ്പളവർധനവും നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. മറ്റ് ഡയറക്ടർമാരുടെ എതിർപ്പ് അവഗണിച്ചായിരുന്നു ഇത്. പിന്നീട് ഇവർ സ്ഥാപനം വിട്ടപ്പോൾ ആറക്ക തുക സാമ്പത്തിക സഹായമായും ഉന്നത പഠനത്തിനുള്ള ഫീസായും നൽകിയെന്നും അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.
എന്നാൽ, സർവീസ് അവസാനിപ്പിച്ച വേളയിൽ ജീവനക്കാരിക്ക് സാമ്പത്തിക ആനുകൂല്യവും എം.ബി.എ പഠനത്തിനുള്ള തുകയും നൽകിയിട്ടുണ്ടെന്ന് യുവേഫ സ്ഥിരീകരിച്ചിട്ടുണ്ട്. അക്കാലത്തെ നിലവിലുള്ള ചട്ടങ്ങൾ പാലിച്ചാണ് തുക കൈമാറിയതെന്നും യുവേഫ വക്താവ് വ്യക്തമാക്കി.
അതേസമയം, ഇൻഫാന്റിനോയ്ക്കെതിരായ ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് ഫിഫ പ്രതികരിച്ചു. നടപടികളിൽ യാതൊരുവിധ ചട്ടലംഘനവും ഉണ്ടായിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ അപകീർത്തികരമാണെന്നും ഫിഫ വക്താവ് കൂട്ടിച്ചേർത്തു. വാണിജ്യ ഇടപാടുകളിലെ മുൻ തീരുമാനങ്ങളെച്ചൊല്ലി ഇൻഫാന്റിനോ രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ പുറത്തുവന്ന പുതിയ വിവാദം ഫിഫ മേധാവിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്.
