ഇറ്റാലിയന്‍ ഫുട്ബോളിലെ പ്രതിസന്ധി അയയുന്നില്ല ; ആന്ദ്രേപിര്ലോ സ്ഥാനമേല്‍ക്കുന്നതിന് മുമ്പ് തന്നെ വിട്ടു…!

റോം: ഇറ്റാലിയൻ ഫുട്ബോളിലെ അനിശ്ചിതത്വങ്ങൾക്കും പ്രതിസന്ധികൾക്കും വിരാമമാകുന്നില്ല. ഇറ്റാലിയൻ ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി ചുമതലയേൽക്കുന്നതിന് തൊട്ടുമുമ്പ് പ്രമുഖ താരം ആന്ദ്രേ പിർലോ സ്ഥാനത്തുനിന്നും പിന്മാറി. റഷ്യൻ ബെറ്റിങ് കമ്പനിയുമായുള്ള ബന്ധത്തെച്ചൊല്ലി ഉയർന്ന ശക്തമായ പ്രതിഷേധങ്ങളെ തുടർന്നാണ് നീക്കം.
ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തേക്കുള്ള മത്സരത്തിൽനിന്ന് താൻ പിന്മാറുന്നതായി പിർലോ തന്നെ വ്യക്തമാക്കുകയായിരുന്നു. ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ (FIGC) നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും, പിർലോയെ അടുത്ത ഹെഡ് കോച്ചായി ഉറപ്പിച്ച മട്ടിലായിരുന്നു കാര്യങ്ങൾ.
കഴിഞ്ഞ ഒക്ടോബറിൽ റഷ്യൻ ബെറ്റിങ് കമ്പനിയായ ‘ഫോൺബെറ്റിന്റെ’ (Fonbet) ഗ്ലോബൽ അംബാസിഡറായി 47-കാരനായ പിർലോ കരാറൊപ്പിട്ടതാണ് തിരിച്ചടിയായത്. ഉക്രെയ്ൻ അധിനിവേശത്തിൽ പങ്കാളികളായ റഷ്യൻ സൈനികർ പങ്കെടുത്ത കായിക ഇനങ്ങളെ സ്പോൺസർ ചെയ്ത സ്ഥാപനമാണിത്. പ്രമുഖ റഷ്യൻ വ്യക്തികൾക്കൊപ്പം ഇവിടുത്തെ പരിപാടികളിൽ പങ്കെടുത്തതും രാഷ്ട്രീയ നേതാക്കളിൽ നിന്നടക്കം വൻ വിമർശനങ്ങൾക്ക് വഴിവെച്ചു.
2022-ലെ അധിനിവേശത്തിന് ശേഷം റഷ്യയെ പിന്തുണയ്ക്കുന്ന നിലപാടെടുത്തവർക്ക് ദേശീയ പദവികൾ നൽകേണ്ടതില്ലെന്ന ഇറ്റാലിയൻ സർക്കാറിന്റെയും സ്പോർട്സ് മന്ത്രാലയത്തിന്റെയും കർശന നിലപാടാണ് പിർലോയ്ക്ക് തിരിച്ചടിയായത്. മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിൽ നടന്ന ഫോൺബെറ്റിന്റെ പരിപാടിയിൽ മുൻ സഹതാരം മാർക്കോ മാറ്റരാസിക്കൊപ്പം പിർലോ പങ്കെടുത്തിരുന്നു.
താൻ ഇറ്റാലിയൻ ടീമിനൊപ്പം ഉണ്ടാവില്ലെന്ന് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് മുൻ എ.സി മിലാൻ, യുവന്റസ് താരം വ്യക്തമാക്കിയത്.
രാജിവെച്ച് മാൽഡിനിയും ലിയോണാർഡോയും
പിർലോ വിവാദത്തിന് പിന്നാലെ, ടീമിന്റെ പുനർനിർമ്മാണത്തിനായി ഏതാനും ആഴ്ചകൾക്ക് മുമ്പ് ചുമതലയേറ്റ സാങ്കേതിക ഡയറക്ടർ പോളോ മാൽഡിനിയും മുൻ ബ്രസീലിയൻ താരം ലിയോണാർഡോയും രാജിവെക്കാൻ തീരുമാനിച്ചതോടെ പ്രതിസന്ധി ഇരട്ടിയായി.
തുടർച്ചയായ മൂന്നാം തവണയും ലോകകപ്പ് യോഗ്യത നേടാനാകാതെ പോയതിനെ തുടർന്ന് പരിശീലകൻ ജെന്നാരോ ഗറ്റൂസോ സ്ഥാനമൊഴിഞ്ഞിരുന്നു. ബോസ്നിയ-ഹെർസഗോവിനയ്ക്കെതിരായ പെനാൽറ്റി ഷൂട്ടൗട്ടിലെ തോൽവിയാണ് ഇറ്റലിയുടെ ലോകകപ്പ് സ്വപ്നങ്ങൾ തകർത്തത്.
തുടർന്ന് പുതിയ പരിശീലകനെ കണ്ടെത്താൻ പെപ് ഗ്വാർഡിയോള, കർലോ അൻസെലോട്ടി എന്നിവരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പുതിയ സാഹചര്യത്തിൽ അന്റോണിയോ കോന്റെ, റോബർട്ടോ മാൻസിനി എന്നിവരുടെ പേരുകളാണ് പരിശീലക സ്ഥാനത്തേക്ക് ഇറ്റാലിയൻ മാധ്യമങ്ങൾ പ്രധാനമായും ഉയർത്തിക്കാട്ടുന്നത്.
