‘അമിത് ഷാ പ്രതികരിക്കണം’; പൊലീസ് അതിക്രമത്തിൽ പാർലമെന്റിൽ വൻ പ്രതിപക്ഷ ബഹളം, ഇരുസഭകളും നിർത്തിവെച്ചു

ന്യൂഡൽഹി: പാർലമെന്റ് മാർച്ചിൽ വിദ്യാർഥികൾക്ക് നേരെയുണ്ടായ ക്രൂരമായ പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം. ബഹളത്തെ തുടർന്ന് ലോക്സഭയും രാജ്യസഭയും ഉച്ചക്ക് 12 മണി വരെ നിർത്തിവെച്ചു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പിയുടെ നേതൃത്വത്തിലായിരുന്നു കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങൾ ലോക്സഭയുടെ നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ചത്. വിദ്യാർഥികൾക്ക് നേരെ നടന്ന പൊലീസ് നടപടിയിൽ ആഭ്യന്തര മന്ത്രാലയം മറുപടി പറയണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു.
അതേസമയം, പ്രതിഷേധിച്ച പ്രതിപക്ഷത്തിനെതിരെ സ്പീക്കർ ഓം ബിർല രംഗത്തെത്തി. സഭാ നടപടികളിൽ മര്യാദ പാലിക്കണമെന്നും ഓരോ ജനപ്രതിനിധിക്കും സഭയോട് ഉത്തരവാദിത്തമുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി. രാജ്യസഭയിലും സമാനമായ രീതിയിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെയാണ് ഇരുസഭകളും താത്കാലികമായി നിർത്തിവെക്കാൻ അധ്യക്ഷന്മാർ നിർബന്ധിതരായത്.
