സതീശനെതിരെ ആഞ്ഞടിച്ച് അടൂർ പ്രകാശ്; 'യുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല'
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

യുഡിഎഫ് കൺവീനർ എന്ന നിലയിൽ മുന്നണിയിലെ കാര്യങ്ങളൊന്നും തന്നെ അറിയിക്കുന്നില്ലെന്ന് വ്യക്തമാക്കി അടൂർ പ്രകാശ് എംപി. മുന്നണിയിലെ കൂടിയാലോചനകൾ ഇല്ലാത്തതിലുള്ള കടുത്ത അതൃപ്തി അദ്ദേഹം പരസ്യമാക്കി. കൂടാതെ എസ്എഫ്ഐ ബിജെപിയുമായി ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരം: യുഡിഎഫ് നേതൃത്വത്തിനെതിരെയും വി.ഡി. സതീശനെതിരെയും രൂക്ഷവിമർശനവുമായി അടൂർ പ്രകാശ് എം.പി. യുഡിഎഫ് കൺവീനർ എന്ന നിലയിൽ മുന്നണിയിലെ കാര്യങ്ങളൊന്നും തന്നെ അറിയിക്കുന്നില്ലെന്നും താൻ മാധ്യമങ്ങളിലൂടെയാണ് വിവരങ്ങൾ അറിയുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു. മുന്നണിയിൽ യാതൊരുവിധ കൂടിയാലോചനകളും നടക്കുന്നില്ലെന്ന കടുത്ത അതൃപ്തിയാണ് അദ്ദേഹം പരസ്യമാക്കിയത്.
തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ചില ഇടങ്ങളിൽ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും വലിയ പരിക്കില്ലാതെ 18 സീറ്റുകൾ നേടാൻ യുഡിഎഫിന് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. എന്നാൽ, അടുത്തകാലത്തൊന്നും യുഡിഎഫ് യോഗം ചേർന്നിട്ടില്ല. മുന്നണി യോഗം വിളിച്ചുചേർക്കുന്നതിൽ വി.ഡി. സതീശൻ മുൻകൈയെടുക്കുന്നില്ല. അദ്ദേഹം തീരുമാനങ്ങൾ വൈകിക്കുന്നതു മൂലമാണ് യോഗം ചേരാൻ സാധിക്കാത്തതെന്നും പല വിഷയങ്ങളിലും അഭിപ്രായഭിന്നതകളുണ്ടെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
യുഡിഎഫ് സ്റ്റേറ്റ് കമ്മിറ്റി വിളിച്ചുചേർക്കേണ്ടത് കൺവീനറുടെ ചുമതലയാണെങ്കിലും ചെയർമാന്റെ അനുമതിയോടെയേ അത് സാധ്യമാകൂ. തനിക്ക് അർഹതപ്പെട്ട സ്ഥാനമാനങ്ങളെക്കുറിച്ചോ താൻ അവഗണിക്കപ്പെടുന്നുണ്ടോ എന്നതിനെക്കുറിച്ചോ മാധ്യമങ്ങൾ വിലയിരുത്തട്ടെ. എൻ.കെ. പ്രേമചന്ദ്രന് ക്യാബിനറ്റ് പദവി നൽകിയ വിഷയത്തിൽ തനിക്ക് എതിർപ്പില്ലെന്നും അർഹതപ്പെട്ടവർക്കാണ് സ്ഥാനം നൽകിയതെന്നും വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ കൺവീനർ എന്ന നിലയിൽ ഇത്തരം തീരുമാനങ്ങളൊന്നും തന്നെ അറിയിച്ചിരുന്നില്ലെന്ന് വ്യക്തമാക്കി.
കൺവീനർ എന്ന നിലയിൽ കാര്യങ്ങൾ അറിയാൻ സാധിക്കാത്തതിലുള്ള പ്രതിഷേധം എ.ഐ.സി.സി നേതൃത്വത്തെ ഔദ്യോഗികമായി അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുന്നണിയിൽ ഏകോപനക്കുറവുണ്ടായതാണ് ഉപതിരഞ്ഞെടുപ്പിലെ വീഴ്ചയ്ക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, എസ്.എഫ്.ഐ ബി.ജെ.പിയുമായി ഒത്തുകളിക്കുകയാണെന്ന ആരോപണവും അടൂർ പ്രകാശ് ഉന്നയിച്ചു. ഗ്യാനേഷ് കുമാറിനെതിരെയുള്ള പോരാട്ടങ്ങൾക്കിടയിൽ എസ്.എഫ്.ഐ എന്തിനാണ് യുഡിഎഫിനെതിരെ തിരിയുന്നത്? എസ്.എഫ്.ഐ അവരുടെ ധാർമികത വിലയിരുത്തണം. ജനാധിപത്യ സംവിധാനത്തെ തകർക്കുന്ന നിലപാടുകളാണ് ഗ്യാനേഷ് കുമാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. അദ്ദേഹത്തിനുവേണ്ടിയാണോ എസ്.എഫ്.ഐ രംഗത്തിറങ്ങിയിരിക്കുന്നതെന്നും ഇതിന് എൽ.ഡി.എഫ് മറുപടി നൽകണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടു




