ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഏറ്റുമുട്ടൽ; ലഷ്കർ ഭീകരനെ കരസേന വധിച്ചു, മേഖലയിൽ തെരച്ചിൽ തുടരുന്നു
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഏറ്റുമുട്ടൽ. ലഷ്കർ ഇ തൊയ്ബ ഭീകരനെ വധിച്ചതായി കരസേന. ബുദ്ഗാം ജില്ലയിലെ യൂസ്മാർഗിലുള്ള കൊറാഗ് മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. മേഖലയിൽ തെരച്ചിൽ തുടരുന്നതായി കരസേന അറിയിച്ചു.
ന്യൂഡൽഹി: ജമ്മു കശ്മീരിലെ ബഡ്ഗാം ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ സുരക്ഷാ സേന വധിച്ചു. ലഷ്‌കർ-ഇ-തൊയ്ബയുടെ ഉന്നത കമാൻഡറായ ഫൗസി മൂസയാണ് കൊല്ലപ്പെട്ടത്. ദൂധ്പത്രിയിലെ വനമേഖലയിൽ വെച്ചാണ് മൂസ കൊല്ലപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇന്ത്യൻ ആർമി, ജമ്മു കശ്മീർ പൊലീസ്, സിആർപിഎഫ് എന്നിവർ ചേർന്നാണ് തെരച്ചിൽ നടത്തിയത്. ഇൻ്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ ബഡ്ഗാം ജില്ലയിലെ യൂസ്മാർഗ് മേഖലയിൽ സംയുക്ത സേന തെരച്ചിൽ ആരംഭിക്കുകയായിരുന്നു. തുടർന്ന് സംശയാസ്പദമായ സാഹചര്യം കണ്ട സുരക്ഷാ സേന കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഭീകരർ വെടിയുതിർക്കുകയായിരുന്നു.
തുടർന്നുണ്ടായ കനത്ത ഏറ്റുമുട്ടലിലാണ് ഫൗസി മൂസ കൊല്ലപ്പെട്ടത്. കഴിഞ്ഞ സെപ്റ്റംബർ 5-ന് യൂസ്മാർഗ് മലനിരകളിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ നിന്നും ഇയാൾ രക്ഷപ്പെട്ടിരുന്നു. ആ സംഭവത്തിൽ ഫൗസി മൂസയുടെ അടുത്ത സഹായിയായ യാസിർ കൊല്ലപ്പെടുകയുണ്ടായി.
ജമ്മു കശ്മീരിൽ നടന്ന നിരവധി ആക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടായിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി പീർ പഞ്ജാൽ മലനിരകളുടെ ഇരുവശങ്ങളിലുമായി നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ പങ്കാളിയായ മൂസയ്ക്കായി സുരക്ഷാസേന തിരച്ചിൽ നടത്തിവരികയായിരുന്നു. മേഖലയിൽ കൂടുതൽ ഭീകരർ ഉണ്ടോയെന്ന് കണ്ടെത്താനായി പ്രദേശം വളഞ്ഞുള്ള തെരച്ചിൽ തുടരുകയാണ്.




