യാത്രയ്ക്ക് കൂടുതൽ അകമ്പടി വേണ്ട; ഒരു പൈലറ്റ് വാഹനം കൂട്ടിയതിൽ ക്ഷുഭിതനായി മുഖ്യമന്ത്രി വി ഡി സതീശൻ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

അകമ്പടി വാഹനങ്ങളുടെ എണ്ണം കൂട്ടിയതിൽ പൊലീസിനോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. തനിക്ക് അധിക സുരക്ഷ ആവശ്യമില്ലെന്നും യാത്ര മൂലം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും വ്യക്തമാക്കി കൂടുതലായെത്തിയ വാഹനങ്ങൾ അദ്ദേഹം മടക്കിയയച്ചു.
തിരുവനന്തപുരം: അകമ്പടി വാഹനങ്ങളുടെ എണ്ണം കൂട്ടിയതിനെത്തുടർന്ന് പൊലീസിനോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ബുധനാഴ്ച രാവിലെ കവടിയാറിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് പൈലറ്റ് വാഹനത്തിന് മുന്നിൽ മറ്റൊരു പൊലീസ് ജീപ്പ് കൂടി ഉൾപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. കാറിൽ നിന്നിറങ്ങിയ ഉടൻ തന്നെ അദ്ദേഹം ഡി.സി.പിയെ അതൃപ്തി അറിയിക്കുകയായിരുന്നു.
തനിക്ക് അധിക സുരക്ഷ ആവശ്യമില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മുഖ്യമന്ത്രി. യാത്രയിൽ പൈലറ്റ് വാഹനങ്ങളുടെ എണ്ണം കൂട്ടരുതെന്ന് പൊലീസിന് അദ്ദേഹം കർശന നിർദേശം നൽകി. മുഖ്യമന്ത്രിക്കെതിരെ യുവമോർച്ച പ്രതിഷേധം ശക്തമാക്കുന്ന സാഹചര്യത്തിലാണ് സുരക്ഷ വർധിപ്പിക്കാൻ പൊലീസ് തീരുമാനിച്ചത്. എന്നാൽ, കൂടുതൽ പൈലറ്റ് വാഹനങ്ങൾ കണ്ടതോടെ മുഖ്യമന്ത്രി ഡി.സി.പിയോട് ക്ഷുഭിതനാവുകയായിരുന്നു. തുടർന്ന് കൂടുതലായെത്തിയ വാഹനങ്ങൾ മടക്കിയയച്ചു.
മുൻകാലങ്ങളിലെപ്പോലെ എസ്കോർട്ട്, പൈലറ്റ് വാഹനങ്ങളുടെ ആധിക്യം ആവശ്യമില്ലെന്ന് സത്യപ്രതിജ്ഞയ്ക്ക് മുൻപ് തന്നെ വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു. തന്റെ യാത്ര മൂലം പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാകരുതെന്നും റോഡുകൾ ബ്ലോക്ക് ചെയ്യരുതെന്നും അദ്ദേഹം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. എസ്കോർട്ട് പൂർണമായി ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും സുരക്ഷാ കാരണങ്ങളാൽ അത് സാധിക്കില്ലെന്നായിരുന്നു പൊലീസ് നിലപാട്.




