വിനോദം Vijay Son Jason Sanjay: ‘അന്ന് എനിക്ക് ഒൻപത് വയസ്സായിരുന്നു, സ്‌കൂളിൽ പോലും പോയില്ല, ഇന്നായിരുന്നെങ്കിൽ ഞാൻ പേടിച്ചേനെ’; ജേസൺ സഞ്ജയ്
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് (Vijay Son Jason Sanjay) സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ‘സിഗ്മ’ റിലീസിനൊരുങ്ങുകയാണ്. സിനിമയിലെത്തിയതിന്റെ ആദ്യകാല ഓർമകളാണ് ഇതിനിടെ ജേസൺ പങ്കുവെച്ചത്. ക്യാമറയ്ക്ക് മുന്നിൽ ബാലതാരമായിട്ടായിരുന്നു അദ്ദേഹത്തിന്റെ സിനിമാ പ്രവേശനം.
2009ൽ ബി. ബാബുശിവൻ സംവിധാനം ചെയ്ത വിജയ് ചിത്രം ‘വേട്ടൈക്കാരനി’ലൂടെയായിരുന്നു ജേസന്റെ അരങ്ങേറ്റം. ചിത്രത്തിലെ വിജയ്‌ക്കൊപ്പമുള്ള ‘നാൻ അടിച്ചാ താങ്കമാട്ടെ…’ എന്ന ഗാനരംഗത്തിലും ജേസൺ പ്രത്യക്ഷപ്പെട്ടിരുന്നു. വർഷങ്ങൾക്കിപ്പുറവും ആ രംഗം ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്.
ഒൻപതാം വയസിലെ സിനിമാനുഭവം
‘വേട്ടൈക്കാരൻ’ ചിത്രീകരിക്കുമ്പോൾ ഒൻപത് വയസായിരുന്നു പ്രായമെന്ന് ജേസൺ പറയുന്നു. കുട്ടിയായിരുന്നതിനാൽ അന്ന് ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നതിൽ ആശങ്ക തോന്നിയിരുന്നില്ലെന്നും സെറ്റിൽ വളരെ സ്വാഭാവികമായി ഇടപഴകാൻ കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇന്നാണ് അത്തരമൊരു അവസരമെങ്കിൽ സാഹചര്യം വ്യത്യസ്തമായേനെയെന്നും ജേസൺ പറഞ്ഞു.
സിനിമ പുറത്തിറങ്ങിയതിന് പിന്നാലെയുള്ള സ്കൂൾ ദിനങ്ങളിലെ അനുഭവവും താരം ഓർത്തെടുത്തു. സുഹൃത്തുക്കളുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന് അറിയാത്തതിനാൽ രണ്ടോ മൂന്നോ ദിവസം ക്ലാസിൽ പോകാതിരുന്നുവെന്നും പിന്നീട് സുഹൃത്തുക്കൾ ആ ഗാനരംഗം ഉപയോഗിച്ച് തന്നെ കളിയാക്കാറുണ്ടെന്നും ജേസൺ പറഞ്ഞു. പേളി മാണി ഷോയിൽ സംസാരിക്കുകയായിരുന്നു താരം.
ജേസന്റെ വാക്കുകൾ
'വേട്ടൈക്കാരൻ സിനിമ അഭിനയിക്കുമ്പോൾ എനിക്ക് ഒൻപത് വയസ്സായിരുന്നു. അന്ന് ചെറുതായതുകൊണ്ട് അഭിനയിക്കാൻ പേടിയുണ്ടായിരുന്നില്ല. ഇന്നാണെങ്കിൽ എനിക്ക് പേടിയാകുമായിരുന്നു. അന്ന് സെറ്റുമായിട്ട് വളരെ കംഫർട്ടബിൾ ആയിരുന്നു. അന്ന് ആ സിനിമ റിലീസ് ചെയ്തതിന് ശേഷം രണ്ടോ മൂന്നോ ദിവസം ഞാൻ ക്ലാസ്സിൽ പോയില്ല. സുഹൃത്തുക്കൾ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതുകൊണ്ടാണ് ഞാൻ മാറിനിന്നത്. ഇപ്പോഴും ഞങ്ങൾ ഒത്തുചേരുമ്പോഴെല്ലാം, ആ പാട്ട് വെച്ച് അവർ എന്നെ കളിയാക്കാറുണ്ട്.'
മലയാളത്തിലെ ഇഷ്ട നടൻമാർ
മലയാള സിനിമയിലെ തനിക്ക് പ്രിയപ്പെട്ട നടന്മാർ ആരൊക്കെയെന്നും വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് വെളിപ്പെടുത്തി. ഒരുപാട് മലയാളി താരങ്ങളെ ഇഷ്ടമാണെങ്കിലും ദുൽഖർ സൽമാനും നസ്ലെനുമാണ് കൂടുതൽ ഇഷ്ടമെന്ന് ജേസൺ പറഞ്ഞു. ‘സിഗ്മ’യുടെ പ്രീ-ലോഞ്ച് പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം. സമീപകാലത്ത് കണ്ട മലയാള സിനിമകളിൽ ‘മോളിവുഡ് ടൈംസ്’ ഏറെ ഇഷ്ടപ്പെട്ടെന്നും ജേസൺ കൂട്ടിച്ചേർത്തു.




