ഹൈക്കമാൻഡ് നേതാക്കൾ ചോദിച്ചാൽ സത്യസന്ധമായ നിലപാട് അറിയിക്കും, സതീശൻ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന നിലപാട് തനിക്കില്ലെന്ന് സണ്ണി ജോസഫ്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

വി.ഡി. സതീശൻ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന നിലപാടില്ലെന്നും ഹൈകമാൻഡ് ചോദിച്ചാൽ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്. സി.പി.എം നേതാക്കൾക്കെതിരായ പീഡന പരാതികൾ പൊലീസിന് നൽകുന്നതിന് പകരം പാർട്ടി ഒതുക്കിതീർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്ന നിലപാട് തനിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. ഹൈകമാൻഡ് നേതാക്കൾ ചോദിച്ചാൽ കാര്യങ്ങളിൽ സത്യസന്ധമായ നിലപാട് അറിയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസ് പ്രവർത്തകർ അച്ചടക്കവും മാന്യതയും പുലർത്തണം. പരസ്യപ്രസ്താവനകൾ ഒഴിവാക്കുന്നതാണ് നല്ലത്. നേതൃത്വത്തിനെതിരായ പരസ്യ പ്രതികരണങ്ങൾ പാർട്ടി കൃത്യമായി തള്ളിയതാണ്. പരസ്യപ്രസ്താവന അരുതെന്ന് എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹിയിൽ എത്തുമ്പോൾ എല്ലാ മുതിർന്ന നേതാക്കളെയും കാണുമെന്നും എന്നാൽ ആർക്കെതിരെയും പരാതി പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.ഐ.സി.സിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ അടൂർ പ്രകാശുമായി ചർച്ച നടത്താനാകില്ല.
പീഡന പരാതികൾ സി.പി.എം ഒതുക്കുന്നു
സി.പി.എം നേതാക്കൾക്കെതിരെ ഉയരുന്ന പീഡന പരാതികൾ പാർട്ടിക്കുള്ളിൽ തന്നെ ഒതുക്കിതീർക്കാൻ ശ്രമിക്കുകയാണെന്നും സണ്ണി ജോസഫ് ആരോപിച്ചു. ഗുരുതരസ്വഭാവമുള്ള പരാതികൾ പൊലീസിന് കൈമാറുകയാണ് വേണ്ടത്. എന്നാൽ സി.പി.എം അതിന് തയ്യാറാകുന്നില്ല.
താൻ കെ.പി.സി.സി പ്രസിഡന്റായിരിക്കെ പാർട്ടി നേതാവിനെതിരെ ലഭിച്ച പരാതി ഉടൻ ഡി.ജി.പിക്ക് കൈമാറുകയായിരുന്നു ചെയ്തത്. സി.പി.എമ്മിലാകട്ടെ പരാതി നൽകുന്ന യുവതികളെ ഭീഷണിപ്പെടുത്തിയും സമ്മർദ്ദത്തിലാക്കിയും പരാതി പിൻവലിപ്പിക്കാൻ ശ്രമിക്കുകയാണെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.




