പ്രതിപക്ഷത്തിരുന്നപ്പോൾ എതിർത്തതെല്ലാം അധികാരത്തിലേറിയപ്പോൾ നടപ്പാക്കുന്നു; യൂ ടേണുമായി സതീശൻ സർക്കാർ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

പ്രതിപക്ഷത്തിരുന്നപ്പോൾ ധൂർത്തെന്നും അനാവശ്യമെന്നും വിമർശിച്ച പദവികൾ അധികാരത്തിലെത്തിയപ്പോൾ പുനഃസൃഷ്ടിച്ച് വി.ഡി. സതീശൻ സർക്കാർ. ഭരണ പരിഷ്കാര കമ്മീഷനും ദില്ലി പ്രതിനിധി പദവിയും സ്വന്തക്കാർക്ക് വീതിച്ചുനൽകിയതിനെച്ചൊല്ലി യു.ഡി.എഫിലും ഭിന്നത രൂക്ഷമായി.
തിരുവനന്തപുരം: അധികാരത്തിലെത്തി മാസങ്ങൾ തികയും മുൻപേ വാക്കും പ്രവൃത്തിയും തമ്മിലുള്ള വ്യത്യാസം തെളിയിച്ച് വി.ഡി. സതീശൻ സർക്കാർ. പ്രതിപക്ഷത്തിരുന്നപ്പോൾ രൂക്ഷമായി എതിർത്ത ഭരണ പരിഷ്കാര കമ്മീഷൻ, ദില്ലിയിലെ പ്രത്യേക പ്രതിനിധി പദവികൾ ഭരണത്തിലേറിയപ്പോൾ അതേപടി നടപ്പാക്കിയാണ് സർക്കാരിന്റെ യൂ ടേൺ. തത്വത്തിൽ എതിർത്ത ഭരണ പരിഷ്കാര കമ്മീഷനും ക്യാബിനറ്റ് പദവിയും ഇപ്പോൾ സ്വന്തക്കാർക്ക് വീതിച്ചു നൽകിയതോടെ യു.ഡി.എഫ് നേതാക്കൾക്കിടയിലും ഭിന്നത രൂക്ഷമായിരിക്കുകയാണ്.
2016-ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദനായി ഭരണ പരിഷ്കാര കമ്മീഷൻ രൂപീകരിച്ചപ്പോൾ ഖജനാവ് മുടിക്കുന്ന ധൂർത്തെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമർശനം. പത്ത് വർഷത്തിനിടെ പലകുറി ഈ പദവിയെ പരിഹസിച്ച സതീശനും കൂട്ടരും, അധികാരത്തിലെത്തി നാലു മാസം തികയും മുൻപേ അതേ ക്യാബിനറ്റ് പദവിയോടെ കമ്മീഷൻ പുനഃസൃഷ്ടിക്കുകയായിരുന്നു. മുന്നണി നേതാക്കൾ പോലുമറിയാതെ മുഖ്യമന്ത്രി എടുത്ത ഏകപക്ഷീയ തീരുമാനമാണിതെന്ന ആരോപണവും മുന്നണിക്കുള്ളിൽ പുകയുന്നുണ്ട്.
എ. സമ്പത്തും കെ.വി. തോമസും ദില്ലി പ്രതിനിധികളായപ്പോൾ വർഷം ഒരുകോടിയിലധികം രൂപ ചെലവാക്കുന്നെന്ന് കണക്കുകൾ നിരത്തി ആക്ഷേപിച്ചവരാണ് ഇപ്പോൾ അതേ പദവിയിലേക്ക് ജി. ദേവരാജനെ നിയോഗിച്ചിരിക്കുന്നത്. തങ്ങൾ പ്രതിപക്ഷത്തിരുന്നപ്പോൾ ഉന്നയിച്ച വിമർശനങ്ങളെല്ലാം കാറ്റിൽപ്പറത്തി, പദവികൾ വീതിച്ചു നൽകുന്നതിൽ കാണിക്കുന്ന ഈ ഇരട്ടത്താപ്പിനെതിരെ സ്വന്തം മുന്നണിക്കുള്ളിൽ നിന്നുതന്നെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.




