എന്താണിത്?': ഇന്ത്യയുടെ 'മിഷന്‍ ശക്തി'യില്‍ വാഷിംഗ്ടണുണ്ടായ പരിഭ്രാന്തിയെക്കുറിച്ച് മുന്‍ യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

2019 മാര്‍ച്ചില്‍ 'മിഷന്‍ ശക്തി'യിലൂടെ ഇന്ത്യ ഒരു ആന്റി-സാറ്റലൈറ്റ് മിസൈല്‍ ഉപയോഗിച്ച് ലോ-എര്‍ത്ത് ഓര്‍ബിറ്റിലുണ്ടായിരുന്ന ഒരു സജീവ ഉപഗ്രഹം വിജയകരമായി തകര്‍ത്തപ്പോള്‍ ആ പെട്ടെന്നുള്ള സൈനിക പ്രകടനം അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഉന്നതതലങ്ങളില്‍ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.ഇന്ത്യ തങ്ങളുടെ ബഹിരാകാശ-സൈനിക ശേഷി പ്രകടിപ്പിച്ച നിമിഷം തന്നെ വാഷിംഗ്ടണിലെ സുരക്ഷാ വിഭാഗങ്ങളില്‍ ഉടലെടുത്ത ആഭ്യന്തര അസ്വസ്ഥതകളെക്കുറിച്ച് മുന്‍ യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനും വിവരം പുറത്തുകൊണ്ടുവന്ന വ്യക്തിയുമായ ഡേവിഡ് ഗ്രഷ് അടുത്തിടെ വെളിപ്പെടുത്തി.
ജോ റോഗന്റെ പോഡ്കാസ്റ്റില്‍ സംസാരിക്കവെ വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കാതെ ആ പരീക്ഷണം നടന്നെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ സുരക്ഷിതമായ നിരവധി ആശയവിനിമയ സംവിധാനങ്ങള്‍ക്കു നടുവില്‍ തന്റെ ഡെസ്‌കിലിരുന്ന ആ നിമിഷം ഗ്രുഷ് അനുസ്മരിച്ചു.
ആ സംഭവത്തെത്തുടര്‍ന്നുണ്ടായ അടിയന്തര സാഹചര്യത്തെക്കുറിച്ച് വിവരിക്കവേ, ഇന്ത്യയുടെ ഉപഗ്രഹവേധ പരീക്ഷണം ഒരു വലിയ സംഘര്‍ഷത്തിലേക്കുള്ള തുടക്കമാണോ അതോ പ്രാദേശികമായ ഒരു തന്ത്രപ്രധാന നാഴികക്കല്ലാണോ എന്ന് തിരിച്ചറിയാന്‍ ന്യൂഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയിലെ നയതന്ത്രജ്ഞരെയും വിശകലന വിദഗ്ധരെയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പരിഭ്രാന്തിയോടെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നതായി ഗ്രുഷ് ചൂണ്ടിക്കാട്ടി.
'എന്റെ ഓഫീസില്‍ പലതരം ഫോണുകള്‍ ഉണ്ടായിരുന്നുവെന്ന് എനിക്കോര്‍മ്മയുണ്ട്. ഞാന്‍ എംബസിയിലേക്ക് വിളിക്കുകയായിരുന്നു. ഇതെന്താണ് നടക്കുന്നത്?' എന്നായിരുന്നു എന്റെ ചിന്ത. ഗ്രുഷ് പറഞ്ഞു. അമേരിക്ക, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം ഉപഗ്രഹവേധ ശേഷി കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. എ.പി.ജെ. അബ്ദുള്‍ കലാം ദ്വീപില്‍ നിന്ന് വിക്ഷേപിച്ച ഇന്റര്‍സെപ്റ്റര്‍ മിസൈല്‍, ഏകദേശം 300 കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണം ചെയ്തിരുന്ന ലക്ഷ്യ ഉപഗ്രഹത്തെ അതീവ കൃത്യതയോടെ തകര്‍ത്തു.




