മൂരാട് റെയിൽപ്പാലം പ്രവൃത്തി പൂർത്തിയാക്കി
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

വടകര: മൂരാട് പുതിയ റെയിൽപ്പാലവുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും റെയിൽവേ പൂർത്തിയാക്കി. ബുധനാഴ്ച രാത്രി മുതൽ വ്യാഴാഴ്ച പുലർച്ചെ വരെ ആറര മണിക്കൂർ നീണ്ടുനിന്ന പ്രവൃത്തിയിലൂടെയാണ് റെയിൽവേ ട്രാക്കും പാലത്തിലെ ട്രാക്കും തമ്മിൽ ബന്ധിപ്പിക്കുന്ന ജോലി പൂർത്തിയാക്കിയത്.
ആദ്യഘട്ട പ്രവൃത്തി 17-ന് പൂർത്തിയാക്കിയതിനെ തുടർന്ന് പുതിയ പാലത്തിലൂടെ തീവണ്ടി ഓടിത്തുടങ്ങിയിരുന്നു. 125 വർഷം പഴക്കമുള്ള പഴയപാലം പൂർണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മധ്യത്തിലുള്ള പാലത്തെ കോഴിക്കോട്, കണ്ണൂർ ട്രാക്കുകളുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തി ബുധനാഴ്ച നടത്തിയത്.
എൻജിനിയറിങ്, ഇലക്‌ട്രിക്കൽ വിഭാഗങ്ങളുടെ ജോലികൾ ഏകോപിപ്പിച്ചായിരുന്നു പ്രവൃത്തി. വൈകീട്ട് 7.15 മുതൽ പുലർച്ചെ 1.45 വരെ ലൈൻബ്ലോക്ക് ഏർപ്പെടുത്താനായിരുന്നു പദ്ധതി. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ബ്ലോക്ക് ആരംഭിച്ചത് രാത്രി എട്ടുമണിയോടെയായിരുന്നു.




