ഒക്ടോബറിലും വൈദ്യുതി സർചാർജ്; യൂണിറ്റിന് മൂന്ന് പൈസ ഈടാക്കാൻ കെഎസ്ഇബി
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ഒക്ടോബറിലും യൂണിറ്റിന് 3 പൈസ വീതം അധിക സർചാർജ് ഈടാക്കാൻ കെ.എസ്.ഇ.ബി തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ മാസത്തിലും വൈദ്യുതി സർചാർജ് പിരിക്കാൻ കെ.എസ്.ഇ.ബി തീരുമാനിച്ചു. യൂണിറ്റിന് മൂന്ന് പൈസ നിരക്കിലാണ് അധിക തുക ഈടാക്കുക.
അതേസമയം, സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. പീക്ക് സമയത്തെ പ്രതിസന്ധി പരിഹരിക്കാൻ ഇന്ന് വൈകീട്ട് നാല് മുതൽ രാത്രി 12 വരെ ഹരിയാനയിൽ നിന്ന് 250 മെഗാവാട്ടും രാത്രി എട്ട് മുതൽ 12 വരെ ആന്ധ്രപ്രദേശിൽ നിന്ന് സ്വാപ് വ്യവസ്ഥയിൽ 200 മെഗാവാട്ടും അധിക വൈദ്യുതി ലഭ്യമാകും. സംസ്ഥാനത്ത് മഴ പെയ്തതോടെ ഉപഭോഗത്തിൽ കുറവുണ്ടായതും ആശ്വാസമായിട്ടുണ്ട്.
വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ യൂത്ത് ലീഗ് രംഗത്തെത്തി. പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് പാലക്കാട് ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലൂടെ യൂത്ത് ലീഗ് മുന്നറിയിപ്പ് നൽകി.




