2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസ്; വിടുതൽ ഹർജി നൽകി സിപിഎം നേതാക്കൾ, കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 3, ശനി | 06:31 AM
പങ്കുവെക്കുക:
കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസ്; വിടുതൽ ഹർജി നൽകി സിപിഎം നേതാക്കൾ, കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം
കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസ്; വിടുതൽ ഹർജി നൽകി സിപിഎം നേതാക്കൾ, കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യംകേരളപ്രഭാതം

കരുവന്നൂർ കള്ളപ്പണക്കേസിൽ രാഷ്ട്രീയ പ്രേരിതമായി പ്രതി ചേർത്തു എന്നാരോപിച്ച് കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എമ്മും മുതിർന്ന നേതാക്കളും വിടുതൽ ഹർജി നൽകി. പാർട്ടി ഓഫീസ് നിർമാണത്തിനും ഭൂമി വാങ്ങലിനും തട്ടിപ്പ് പണം ഉപയോഗിച്ചെന്ന ഇ.ഡി കണ്ടെത്തലിനെതിരെ നൽകിയ ഹർജി ഒക്ടോബർ 24-ന് കോടതി പരിഗണിക്കും.

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ തങ്ങളെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി സി.പി.എമ്മും മുതിർന്ന നേതാക്കളും വിചാരണക്കോടതിയിൽ വിടുതൽ ഹർജി നൽകി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കള്ളപ്പണ ഇടപാടിൽ തങ്ങൾക്ക് പങ്കില്ലെന്നുമാണ് പാർട്ടിയുടെയും നേതാക്കളുടെയും വാദം. സി.പി.എം മുൻ ജില്ലാ സെക്രട്ടറിമാരായ എ.സി. മൊയ്തീൻ, എം.എം. വർഗീസ്, കെ. രാധാകൃഷ്ണൻ എന്നിവരാണ് വിടുതൽ ഹർജിയുമായി കോടതിയെ സമീപിച്ചത്.

ഹർജി ഒക്ടോബർ 24-ന് കോടതി പരിഗണിക്കും. സി.പി.എം നേതാക്കളുടെ വിടുതൽ ഹർജിയെ ശക്തമായി എതിർക്കാൻ നിർണായക സത്യവാങ്മൂലം സമർപ്പിക്കാനൊരുങ്ങുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി).

ബാങ്കിലെ തട്ടിപ്പിലൂടെ സമാഹരിച്ച കള്ളപ്പണം സി.പി.എം പാർട്ടി ഓഫീസ് നിർമാണത്തിന് ഉപയോഗിച്ചെന്നാണ് ഇ.ഡിയുടെ പ്രധാന കണ്ടെത്തൽ. കൂടാതെ, ബാങ്ക് വഴിയുള്ള വഴിവിട്ട ഇടപാടുകളിൽനിന്ന് പാർട്ടി നേതാക്കൾക്ക് കമീഷൻ ഇനത്തിലും വൻ തുക ലഭിച്ചതായി അനുബന്ധ കുറ്റപത്രത്തിൽ ആരോപിക്കുന്നു. സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ പേരിൽ ഭൂമി വാങ്ങിയതും അനധികൃത വായ്പകളിൽ ലഭിച്ച കമീഷൻ തുക ഉപയോഗിച്ചാണെന്ന് ഇ.ഡി ചൂണ്ടിക്കാട്ടുന്നു.

ആകെ 83 പ്രതികളുള്ള കേസിൽ 180 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നതായാണ് ഇ.ഡി കണ്ടെത്തൽ. കേസിലെ അനുബന്ധ കുറ്റപത്രത്തിലാണ് സി.പി.എമ്മിനെയും നേതാക്കളെയും പ്രതി ചേർത്തത്. എന്നാൽ തങ്ങൾക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വിചാരണ തുടങ്ങുന്നതിന് മുൻപുതന്നെ കേസിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് നേതാക്കൾ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം