2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

അയ്‌മനം ഇന്‍ഡോര്‍ സ്‌റ്റേഡിയം കാടുകയറി നശിക്കുന്നു

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 5, തിങ്കൾ | 05:50 AM
പങ്കുവെക്കുക:
അയ്‌മനം ഇന്‍ഡോര്‍ സ്‌റ്റേഡിയം കാടുകയറി നശിക്കുന്നു
അയ്‌മനം ഇന്‍ഡോര്‍ സ്‌റ്റേഡിയം കാടുകയറി നശിക്കുന്നുകേരളപ്രഭാതം

കോട്ടയം അയ്‌മനത്ത് 5.16 കോടി രൂപ കിഫ്ബി ഫണ്ടിൽ നിർമിച്ച ഇൻഡോർ സ്റ്റേഡിയം നിർമാണത്തിലെ അപകാതകളും അധികൃതരുടെ അനാസ്ഥയും കാരണം നശിക്കുന്നു. കെട്ടിടത്തിൽ വിള്ളലുകൾ വീഴുകയും കാടുകയറുകയും ചെയ്തതോടെ പ്രദേശം ദുരവസ്ഥയിലാവുകയും രാത്രികാലങ്ങളിൽ സാമൂഹികവിരുദ്ധരുടെ താവളമായി മാറുകയും ചെയ്തിരിക്കുകയാണ്.

കോട്ടയം: കോടികൾ ചെലവിട്ട് നിർമിച്ച അയ്‌മനം ഇൻഡോർ സ്റ്റേഡിയം അധികൃതരുടെ അനാസ്ഥമൂലം നശിക്കുന്നു. ഇരവീശ്വരം പാടശേഖരത്തിന് സമീപം 5.16 കോടി രൂപ ചെലവിൽ നിർമിച്ച സ്റ്റേഡിയമാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. കെട്ടിടത്തിൽ വിള്ളലുകളും തറയിൽ താഴ്ചയും ഉൾപ്പെടെ ഗുരുതര നിർമാണ പോരായ്മകൾ ഉണ്ടായിട്ടും സംരക്ഷിക്കാൻ നടപടിയില്ല. നിർമാണവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടന്നിരുന്നെങ്കിലും തുടർനടപടിയുണ്ടായില്ല.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് സ്പോർട്സ് എൻജിനീയറിങ് വിഭാഗമാണ് സ്റ്റേഡിയം നിർമിച്ചത്. കിറ്റ്കോയ്ക്കായിരുന്നു കൺസൾട്ടൻസി ചുമതല. പണി പൂർത്തിയാകുന്നതിന് മുൻപേ 2021 ഫെബ്രുവരിയിലാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ് നാലു മാസത്തിനകം തന്നെ ഭിത്തികളിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു.

സ്റ്റേഡിയത്തിന്റെ മൂന്ന് പ്രവേശനകവാടങ്ങളും പ്രധാന ഭിത്തിയിൽനിന്ന് വേർപെട്ട നിലയിലാണ്. ഇവ തകർന്നു വീഴാതിരിക്കാൻ ഇരുമ്പുതൂണുകൾ ഉപയോഗിച്ച് താങ്ങിനിറുത്തിയെങ്കിലും ഇവ തുരുമ്പെടുത്തു. തറയിലും വൻ തകർച്ചയുണ്ട്. 80 സെന്റീമീറ്റർ ഉയരമുള്ള തിണ്ണയിലേക്ക് ചാടിക്കയറേണ്ട അവസ്ഥയിലാണ്. തിണ്ണയ്ക്കും കെട്ടിടത്തിനുമിടയിൽ 15 സെന്റീമീറ്റർ വീതിയിൽ വിടവും രൂപപ്പെട്ടു.

മുറ്റത്ത് വലിയ മൺകൂനകൾ കൂട്ടിയിട്ടിരിക്കുകയാണ്. ഒരാൾപ്പൊക്കത്തിൽ കുറ്റിച്ചെടികൾ വളർന്നതോടെ കെട്ടിടവും പരിസരവും കാടുമൂടി. ജനൽച്ചില്ലുകൾ പൊട്ടിത്തകർന്നു. അഗ്നിരക്ഷാ ഉപകരണങ്ങൾ ചിതറിക്കിടക്കുകയാണ്. ഭിത്തികളിൽ കരിഓയിൽ പാടുകളുമുണ്ട്.

സംരക്ഷണമില്ലാത്തതിനാൽ രാത്രികാലങ്ങളിൽ സാമൂഹികവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ് സ്റ്റേഡിയം. പരിസരത്ത് വിഷപ്പാമ്പുകളുടെ ശല്യവും രൂക്ഷമാണ്. കഴിഞ്ഞ ജൂണിൽ നാട്ടകം സുരേഷ് എം.എൽ.എ സ്റ്റേഡിയം സന്ദർശിച്ചിരുന്നു. കെട്ടിടത്തിന്റെ തകർച്ച സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകിയെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം