യുഡിഎഫ് തരംഗത്തിലും തൃശൂർ ജില്ല പിടിച്ചുനിന്നു; സിപിഐഎം വിശാല ജില്ലാകമ്മിറ്റിയിൽ കടുത്ത വിമർശനങ്ങളില്ല
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

യു.ഡി.എഫ് തരംഗത്തിലും തൃശൂർ ജില്ലയിലെ ആറ് സീറ്റുകൾ നിലനിർത്താനായെന്ന് സി.പി.എം വിശാല ജില്ലാ കമ്മിറ്റി വിലയിരുത്തി. ചില മണ്ഡലങ്ങളിലെ വോട്ടുചോർച്ചയും ഇരിങ്ങാലക്കുടയിലെ തോൽവിയും പരിശോധിക്കാനും ബി.ജെ.പി മുന്നേറ്റത്തെ ചെറുക്കാനും യോഗത്തിൽ തീരുമാനമായി.
തൃശ്ശൂർ: സംസ്ഥാനത്തൊട്ടാകെ വീശിയടിച്ച യു.ഡി.എഫ് തരംഗത്തിലും ജില്ലയിൽ അടിപതറാതെ പിടിച്ചുനിൽക്കാൻ സാധിച്ചതായി സി.പി.എം വിശാല ജില്ലാ കമ്മിറ്റി യോഗത്തിൽ വിലയിരുത്തൽ. പൊതുചർച്ചയിൽ കടുത്ത വിമർശനങ്ങളൊന്നും ഉയർന്നു വന്നില്ല. മത്സരിച്ച ഏഴ് നിയമസഭാ സീറ്റുകളിൽ ആറിലും വിജയിക്കാൻ കഴിഞ്ഞത് പാർട്ടിയുടെ ജനകീയ അടിത്തറ വ്യക്തമാക്കുന്നതാണെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
അതേസമയം, ജില്ലയിൽ ചില മേഖലകളിലുണ്ടായ വോട്ടുചോർച്ച യു.ഡി.എഫ് തരംഗത്തിന്റെ ഭാഗമാണെന്നും ബി.ജെ.പിയുടെ മുന്നേറ്റത്തിന് തടയിടാൻ ശക്തമായ ഇടപെടൽ വേണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ജനങ്ങളിൽ നിന്ന് പാർട്ടി പ്രവർത്തകർ അകലം പാലിക്കരുതെന്നും പൊതുസമൂഹവുമായി കൂടുതൽ ചേർന്നുനിൽക്കണമെന്നും ചില പ്രതിനിധികൾ ആവശ്യപ്പെട്ടു.
മണലൂർ മണ്ഡലത്തിൽ വിജയിക്കാൻ സാധിച്ചെങ്കിലും വോട്ടുകളിൽ കുറവുണ്ടായത് പരിശോധിക്കണം. ഇരിങ്ങാലക്കുടയിലെ തോൽവി പാർട്ടിക്ക് വലിയ തിരിച്ചടിയായതായും ചർച്ചയിൽ പരാമർശമുയർന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് തൃശൂർ വിശാല ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്തത്. ഇതോടൊപ്പം എറണാകുളം, തിരുവനന്തപുരം വിശാല ജില്ലാ കമ്മിറ്റി യോഗങ്ങൾക്കും ഇന്ന് തുടക്കമായി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും എറണാകുളത്ത് പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവനുമാണ് യോഗങ്ങൾ ഉദ്ഘാടനം ചെയ്തത്




