2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം: ന്യായീകരണവുമായി ബിജെപി

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 28, തിങ്കൾ | 09:34 AM
പങ്കുവെക്കുക:
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം: ന്യായീകരണവുമായി ബിജെപി
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം: ന്യായീകരണവുമായി ബിജെപികേരളപ്രഭാതം

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി കൃഷ്ണകുമാർ. റെയിൽവേ ബോർഡിൻ്റെ തീരുമാനം റെയിൽവേ വികസനത്തെ ബാധിക്കില്ലെന്നും ആശങ്കയുണ്ടെങ്കിൽ ബേപ്പൂരിൽ പുതിയ പോർട്ട് ആരംഭിച്ച് വരുമാന നഷ്‌ടം പരിഹരിക്കാൻ കേരളം ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിക്കുന്നതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ഇരമ്പുന്നതിനിടെ വിവാദ ഉത്തരവിനെ ന്യായീകരിച്ച് ബി.ജെ.പി. മംഗളൂരു മേഖലയെ പാലക്കാട്ടുനിന്ന് ഒഴിവാക്കുന്നത് ഡിവിഷന്റെ വികസനത്തെ ബാധിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ സി. കൃഷ്ണകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വരുമാനനഷ്ടം ഉണ്ടാകുമെന്ന് ആശങ്കയുണ്ടെങ്കിൽ ബേപ്പൂരിൽ പുതിയ പോർട്ട് ആരംഭിച്ച് അത് പരിഹരിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​മംഗളൂരു തുറമുഖം വഴിയുള്ള ചരക്കുനീക്കമാണ് നിലവിൽ പാലക്കാട് ഡിവിഷന്റെ പ്രധാന വരുമാനമാർഗ്ഗം. പുതിയ ഉത്തരവിലൂടെ കോടിക്കണക്കിന് രൂപയുടെ വരുമാനചോർച്ചയുണ്ടാകുമെന്നും ഭാവിയിൽ ട്രെയിൻ സർവീസുകൾ വെട്ടിക്കുറയ്ക്കുമെന്നും കേരളം ആശങ്കപ്പെടുമ്പോഴാണ് പ്രതിരോധവുമായി ബി.ജെ.പി രംഗത്തെത്തിയത്.

​ഓഗസ്റ്റ് 21-നാണ് റെയിൽവേ ബോർഡ് വിവാദ ഉത്തരവ് പുറത്തിറക്കിയത്. ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷന് കീഴിലുള്ള മംഗളൂരു, ഉള്ളാൾ അടക്കമുള്ള പ്രദേശങ്ങളെ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനാണ് തീരുമാനം. ഒക്ടോബർ ഒന്നു മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും.

​റെയിൽവേ ബോർഡിന്റെ ഏകപക്ഷീയമായ തീരുമാനം കേരളത്തിന്റെ റെയിൽവേ വികസനത്തിനും യാത്രക്കാരുടെ അവകാശങ്ങൾക്കും തിരിച്ചടിയാണെന്ന് ചൂണ്ടിക്കാട്ടി എൽ.ഡി.എഫും യു.ഡി.എഫും ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. വിഭജനത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് എം.പിമാർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടിരുന്നെങ്കിലും അനുകൂല നിലപാടല്ല ലഭിച്ചത്. പ്രവർത്തനപരമായ കാരണങ്ങളാലാണ് മംഗളൂരുവിനെ മൂന്ന് മേഖലകളാക്കി തിരിച്ചതെന്നാണ് മന്ത്രി നൽകിയ വിശദീകരണം.

​അതേസമയം, ഡിവിഷൻ വിഭജനത്തിന് പിന്നിൽ കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണയാണെന്നും കർണാടക താത്പര്യങ്ങൾക്ക് മുന്നിൽ കേരള ബി.ജെ.പി ഘടകം നിശ്ശബ്ദത പാലിക്കുകയാണെന്നും എം.പിമാർ ആരോപിച്ചു. വിഷയത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം