K Muraleedharan: സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം: ‘ പിന്നിൽ വിദേശ കമ്പനികളുടെ ഗൂഢാലോചന’; കെ മുരളീധരൻ
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമവുമായി (Kerala Medicine Shortage) ബന്ധപ്പെട്ട് ഉയരുന്ന വാർത്തകൾക്ക് പിന്നിൽ ചില വിദേശ മരുന്ന് കമ്പനികളുടെയും സ്വകാര്യ ലോബികളുടെയും ഇടപെടലുണ്ടെന്ന ആരോപണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ (K Muraleedharan). ആശുപത്രികളിൽ പറയുന്നത്ര രൂക്ഷമായ മരുന്ന് പ്രതിസന്ധിയില്ലെന്നും ചില മരുന്നുകളുടെ ലഭ്യതയിൽ മാത്രമാണ് കുറവുള്ളതെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിച്ച് കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് മന്ത്രിയുടെ ആരോപണം. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് ചില അന്താരാഷ്ട്ര കമ്പനികൾ വിതരണ കരാറുകളിൽ നിന്ന് പിന്മാറിയതും ചില മരുന്നുകളുടെ ലഭ്യതയെ ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുറവുള്ള മരുന്നുകൾ അടിയന്തരമായി ലഭ്യമാക്കുന്നതിനായി റെഡി പർച്ചേസ് സംവിധാനം ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നിലവാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ ഒഴിവാക്കിയ ചില മരുന്ന് കമ്പനികളും ഇപ്പോഴത്തെ പ്രചാരണത്തിന് പിന്നിലുണ്ടെന്നാണ് മന്ത്രി ആരോപിച്ചത്. ഇത്തരം സമ്മർദങ്ങൾക്ക് സർക്കാർ വഴങ്ങില്ലെന്നും നിലവാരമില്ലാത്ത മരുന്നുകൾ വാങ്ങുന്നതിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.




