വന്യജീവി ആക്രമണം : തോട്ടംമേഖലയില്‍ രാത്രിയാത്രാ നിരോധനം ഏര്‍പ്പെടുത്തി ഇടുക്കി ജില്ലാകളക്ടര്‍ വിവാദത്തില്‍
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ഇടുക്കിയിലെ തോട്ടംമേഖലകളിൽ വൈകീട്ട് 6 മുതൽ പുലർച്ചെ 6 വരെ യാത്രയ്ക്കും രാത്രികാല ജോലികൾക്കും ജില്ലാ കളക്ടർ ഏർപ്പെടുത്തിയ വിലക്ക് വലിയ വിവാദത്തിന് വഴിവെച്ചു. എന്നാൽ, പ്രധാന പാതകളിലെ ഗതാഗതത്തിന് തടസ്സമില്ലെന്നും തോട്ടത്തിനുള്ളിലെ റോഡുകൾക്ക് മാത്രമാണ് നിരോധനമെന്നും അധികൃതർ വ്യക്തമാക്കി.
ഇടുക്കി: വന്യജീവി ആക്രമണഭീതിയെത്തുടർന്ന് തോട്ടംമേഖലയിൽ രാത്രിയാത്രയ്ക്ക് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് വിവാദമാകുന്നു. വൈകീട്ട് ആറുമുതൽ പുലർച്ചെ ആറുവരെ തോട്ടംമേഖലയിലെ റോഡുകളിലൂടെയുള്ള യാത്രയ്ക്കും രാത്രികാല ജോലികൾക്കുമാണ് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് നിരോധനം ഏർപ്പെടുത്തിയത്.
തോട്ടം ഉടമകൾക്കും തൊഴിലാളികൾക്കും നിർദേശം കൈമാറാൻ മൂന്നാർ, പീരുമേട്, ഉടുമ്പൻചോല ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷൻസിന് നിർദേശം നൽകിയിട്ടുണ്ട്. വിലക്ക് കാര്യക്ഷമമായി നടപ്പാക്കാൻ പൊലീസിന്റെ രാത്രികാല പട്രോളിങ്ങും ഏർപ്പെടുത്തും.
എന്നാൽ, നിർദേശത്തിനെതിരെ വ്യാപകമായ വിമർശനവും പ്രതിഷേധവും ഉയർന്നുകഴിഞ്ഞു. വനമേഖലയോട് ചേർന്നുനിൽക്കുന്ന പീരുമേട്, ഉടുമ്പൻചോല, ദേവികുളം താലൂക്കുകളിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തെ ഉത്തരവ് സാരമായി ബാധിക്കുമെന്നാണ് ഉയരുന്ന പ്രധാന വിമർശനം. കൊളുന്തുപറിച്ച് വൈകിയ വേളകളിൽ തിരികെ വീട്ടിലെത്തുന്ന തൊഴിലാളികളെയും തോട്ടങ്ങൾക്കുള്ളിൽ പ്രവർത്തിക്കുന്ന ഫാക്ടറികളുടെ രാത്രികാല പ്രവർത്തനങ്ങളെയും ഈ തീരുമാനം പ്രതികൂലമായി ബാധിക്കും.
അതേസമയം, ഉത്തരവ് സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തരുതെന്ന് അധികൃതർ വ്യക്തമാക്കി. തോട്ടങ്ങൾക്കുള്ളിലെ റോഡുകൾക്ക് മാത്രമാണ് നിരോധനമെന്നും ആലുവ-മൂന്നാർ റോഡ്, കെ.കെ. റോഡ് തുടങ്ങിയ പ്രധാന പാതകളിലെ ഗതാഗതത്തിന് വിലക്കില്ലെന്നും ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ബിനു ജോസഫ് അറിയിച്ചു.




