പ്രതിഷേധാഗ്നിയില്‍ തലസ്ഥാനം ; തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് INDIA സഖ്യത്തിന്റെ വന്‍ മാര്‍ച്ച്
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

ന്യൂഡല്‍ഹി: വോട്ട് ചോരിയില്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാ സഖ്യത്തിന്റെ വന്‍ പ്രതിഷേധ മാര്‍ച്ച്. 'ജനാധിപത്യം സംരക്ഷിക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള മാര്‍ച്ചിന് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പാര്‍ലമെന്റ് മുതല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനം വരെയാണ് മാര്‍ച്ച്. പ്രതിഷേധത്തെ നേരിടാന്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഡല്‍ഹി പോലീസ് ഒരുക്കിയിരിക്കുന്നത്. 3,000-ലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 27 കമ്പനി പുരുഷ സേനയും, 4 വനിതാ കമ്പനി സേനയും ഉള്‍പ്പടെയാണിത്. ഡല്‍ഹി പൊലീസ് ഡി.സി.പി. സച്ചിന്‍ ശര്‍മയുടെ നേതൃത്വത്തിലാണ് സുരക്ഷാക്രമീകരണങ്ങള്‍.
ആകാശവാണി ഭവനില്‍ പ്രവേശിക്കാന്‍ ശ്രമിച്ച് രാഹുലും പ്രിയങ്കയും
പ്രതിഷേധത്തിനിടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് എത്താന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ആകാശവാണി ഭവനില്‍ പ്രവേശിക്കാന്‍ ശ്രമിച്ചു. ഇത് പൊലീസുമായി തര്‍ക്കത്തിനും സംഘര്‍ഷത്തിനുമിടയാക്കി.
സുരക്ഷാ ഉദ്യോഗസ്ഥര്‍ വഴി തടഞ്ഞതിനെത്തുടര്‍ന്ന് രാഹുല്‍, പ്രിയങ്ക, തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഭിഷേക് ബാനര്‍ജി, മറ്റ് ഇന്ത്യാ മുന്നണി നേതാക്കള്‍ എന്നിവര്‍ പൊലീസ് ബാരിക്കേഡിന് മുകളിലേക്ക് വലിഞ്ഞുകയറി.
പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുള്‍പ്പെടെയുള്ള ഇന്ത്യാ മുന്നണി എം.പിമാര്‍ ചൊവ്വാഴ്ച പാര്‍ലമെന്റ് ഹൗസ് സമുച്ചയത്തില്‍ നിന്ന് രാവിലെ തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. എന്നാല്‍ പാര്‍ലമെന്റ് തെരുവില്‍ തന്നെ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് അവരെ തടയുകയായിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്കുള്ള വഴിയിലെ, നിതി ആയോഗിനും ആകാശവാണി ഭവനും ഇടയിലുള്ള ഭാഗത്താണ് എം.പിമാരെ തടഞ്ഞത്. മുന്നോട്ട് പോകാന്‍ സാധിക്കാതെ വന്നതോടെ ഒരു വിഭാഗം നേതാക്കള്‍ ബാരിക്കേഡിന് മുകളില്‍ കയറുകയും മറ്റുള്ളവര്‍ റോഡില്‍ കുത്തിയിരിക്കുകയുമായിരുന്നു.
കോണ്‍ഗ്രസ് എം.പി ഇമ്രാന്‍ മസൂദ്, ടി.എം.സി നേതാവ് ഡെറക് ഒബ്രയന്‍, സി.പി.ഐ (എം) നേതാവ് ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവരും മാര്‍ച്ചിന് നേതൃത്വം നല്‍കിയവരില്‍ ഉള്‍പ്പെടുന്നു. ഇതിന് മുന്നോടിയായി പാര്‍ലമെന്റിനകത്തും പരിസരത്തും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തും ബാരിക്കേഡുകള്‍ ഉള്‍പ്പടെ കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
എം.പിമാര്‍ എത്തിച്ചേരുന്നതിന് വളരെ മുമ്പുതന്നെ ഡല്‍ഹി പൊലീസ് പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനമായ നിര്‍വാചന്‍ സദനിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് എം.പിമാര്‍ പാര്‍ലമെന്റിന്റെ മകര്‍ദ്വാറില്‍ ഒത്തുകൂടുകയും ചെയ്തിരുന്നു.




