2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

മട്ടന്നൂരിലെ നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായി

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 05:15 AM
പങ്കുവെക്കുക:
മട്ടന്നൂരിലെ നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായി
മട്ടന്നൂരിലെ നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായികേരളപ്രഭാതം

മട്ടന്നൂർ നഗരസഭ 56.9 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച 54 നിരീക്ഷണ ക്യാമറകളിൽ ഭൂരിഭാഗവും പണിമുടക്കിയതോടെ മാലിന്യത്തള്ളൽ വീണ്ടും രൂക്ഷമാകുന്നു. അറ്റകുറ്റപ്പണി നടത്താൻ പൊതുമേഖലാ സ്ഥാപനമായ സിൽക്കിന് കത്തുനൽകിയിട്ടും നടപടിയുണ്ടാകാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.

മട്ടന്നൂർ: മാലിന്യം വലിച്ചെറിയുന്നത് തടയാനും പൊതുജന സുരക്ഷ ഉറപ്പാക്കാനും മട്ടന്നൂർ നഗരസഭ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ പണിമുടക്കുന്നു. പൊതുമേഖലാ സ്ഥാപനമായ 'സിൽക്ക്' സ്ഥാപിച്ച ക്യാമറകളാണ് കൃത്യമായ അറ്റകുറ്റപ്പണിയില്ലാതെ നശിക്കുന്നത്.

35 വാർഡുകളിലായി സ്ഥാപിച്ച 54 ക്യാമറകളിൽ ഭൂരിഭാഗവും നിലവിൽ നോക്കുകുത്തിയായി മാറി. 'വലിച്ചെറിയൽ മുക്ത നഗരം' എന്ന ലക്ഷ്യത്തോടെ നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 56,90,973 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ മാലിന്യനിക്ഷേപം പതിവായ പ്രധാന പൊതുസ്ഥലങ്ങളിലായിരുന്നു ക്യാമറകൾ സ്ഥാപിച്ചിരുന്നത്.

തുടക്കത്തിൽ ക്യാമറകൾ പ്രവർത്തിച്ചിരുന്നപ്പോൾ മാലിന്യം തള്ളുന്ന സംഭവങ്ങളിൽ കുറവുണ്ടായെങ്കിലും മാസങ്ങൾക്കുള്ളിൽ സിസ്റ്റം തകരാറിലാവുകയായിരുന്നു. ഇതോടെ പദ്ധതിയുടെ ലക്ഷ്യം തന്നെ അട്ടിമറിക്കപ്പെട്ടു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി നടത്തിയ പരിശോധനയിലും ഭൂരിഭാഗം ക്യാമറകളും പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അറ്റകുറ്റപ്പണി വൈകുന്നു ക്യാമറകൾ സ്ഥാപിച്ച സിൽക്കിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയാണുണ്ടാകുന്നതെന്ന ആക്ഷേപവുമുണ്ട്. മുഴുവൻ ക്യാമറകളും അടിയന്തരമായി പരിശോധിച്ച് തകരാറുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ സിൽക്കിന് കത്തുനൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.

ക്യാമറകൾ നിശ്ചലമായതോടെ നഗരത്തിലെ പൊതുസ്ഥലങ്ങളിൽ വീണ്ടും മാലിന്യത്തള്ളൽ രൂക്ഷമായിട്ടുണ്ട്. ക്യാമറകൾ പ്രവർത്തിച്ചിരുന്ന സമയത്ത് നിയമലംഘകരെ എളുപ്പത്തിൽ കണ്ടെത്താനായിരുന്നു. എന്നാൽ, നിലവിലെ സ്ഥിതി തുടർനാൽ നഗരസഭയുടെ ശുചിത്വ പദ്ധതികൾ പൂർണമായും താളംതെറ്റും. ലക്ഷങ്ങൾ മുടക്കിയ പദ്ധതിയുടെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കാൻ തകരാറിലായ ക്യാമറകൾ അടിയന്തരമായി പ്രവർത്തനക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം