സ്ത്രീധനത്തിന്റെ പേരില്‍ പീഡനം; സൗദിയിലുള്ള കൊല്ലം സ്വദേശിക്കായ് ലുക്കൗട്ട് സർക്കുലർ ഇറക്കാൻ പൊലീസ്, യുവതിയുടേത് ഗുരുതര ആരോപണം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കൊല്ലം: നീണ്ടകര സ്വദേശിനിയെ സ്ത്രീധനത്തിന്റെയും സംശയത്തിന്റെയും പേരിൽ സൗദിയിലും നാട്ടിലും വെച്ച് ക്രൂരമായി മർദിച്ച കേസിൽ, വിദേശത്തുള്ള ഭർത്താവ് നന്ദുവിനായി ചവറ പൊലീസ് ലുക്കൗട്ട് സർക്കുലർ ഇറക്കുന്നു. ശരീരമാസകലം ഗുരുതര മുറിവുകളോടെ നാട്ട തിരിച്ചെത്തിയ യുവതി കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്; നന്ദുവിന്റെ മാതാപിതാക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കൊല്ലം: സ്ത്രീധനത്തിന്റെയും സംശയത്തിന്റെയും പേരിൽ ഭാര്യയെ ക്രൂരമായി മർദിച്ച കേസിൽ പ്രതിയായ ഭർത്താവിനായി ലുക്കൗട്ട് സർക്കുലർ ഇറക്കാൻ ഒരുങ്ങി പൊലീസ്. കൊല്ലം നീണ്ടകര മണ്ണാത്തറ സ്വദേശിനിയെ പീഡിപ്പിച്ച കേസിൽ പരിമണം സ്വദേശിയായ ഭർത്താവ് നന്ദുവിനെതിരെയാണ് ചവറ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിക്കുന്നത്. നിലവിൽ ഇയാൾ സൗദി അറേബ്യയിലാണ്.
വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ തന്നെ ഭർത്താവും വീട്ടുകാരും സ്ത്രീധനത്തിന്റെ പേരിൽ പീഡനം തുടങ്ങിയെന്നാണ് യുവതിയുടെ പരാതി. സൗദിയിലെ വസതിയിൽ വെച്ച് ലാപ്ടോപ് ചാർജർ, ബെൽറ്റ്, കുക്കർ, മറ്റ് അടുക്കള ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് നിരന്തരം ക്രൂരമായി മർദിച്ചതായി പരാതിയിൽ പറയുന്നു. കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി ഇല്ലാത്ത കാര്യങ്ങൾ പറയിപ്പിക്കുകയും, ഇത് ശബ്ദരേഖയായി റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തതായും യുവതി വെളിപ്പെടുത്തി.
സംഭവത്തിൽ നന്ദുവിന് പുറമെ ഇയാളുടെ അച്ഛൻ ദിനേശ്, അമ്മ ജഗദമ്മ എന്നിവർക്കെതിരെയും ചവറ പൊലീസ് കേസെടുത്തിട്ടുണ്ട്. സെപ്റ്റംബർ 30-ന് നാട്ടിൽ തിരിച്ചെത്തിയ യുവതിയുടെ ശരീരമാസകലം മർദനമേറ്റ പാടുകളും മുറിവുകളുമുണ്ട്. യുവതി നിലവിൽ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.




