2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

മുഖ്യമന്ത്രിക്കെതിരെയുള്ള പരാതിക്കെട്ടുമായി അടൂർ പ്രകാശ്, മല്ലികാർജുൻ ഖാർഗയെ കണ്ടു; രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തും

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 5, തിങ്കൾ | 10:50 AM
പങ്കുവെക്കുക:
മുഖ്യമന്ത്രിക്കെതിരെയുള്ള പരാതിക്കെട്ടുമായി അടൂർ പ്രകാശ്, മല്ലികാർജുൻ ഖാർഗയെ കണ്ടു; രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തും
മുഖ്യമന്ത്രിക്കെതിരെയുള്ള പരാതിക്കെട്ടുമായി അടൂർ പ്രകാശ്, മല്ലികാർജുൻ ഖാർഗയെ കണ്ടു; രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തുംകേരളപ്രഭാതം

യു.ഡി.എഫ് യോഗങ്ങൾ വിളിക്കാതെയും മുന്നണിയിൽ ചർച്ച ചെയ്യാതെയും മുഖ്യമന്ത്രി വി.ഡി. സതീശൻ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന് ആരോപിച്ച് കൺവീനർ അടൂർ പ്രകാശ് ഹൈക്കമാൻഡിന് പരാതി നൽകി. എന്നാൽ മുഖ്യമന്ത്രി ഏകപക്ഷീയമായി പ്രവർത്തിക്കുന്നുവെന്ന വാദം കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് തള്ളി.

ന്യൂഡൽഹി: കോൺഗ്രസിലെ ആഭ്യന്തര ഭിന്നതകൾ രൂക്ഷമാക്കി മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പരാതിയുമായി യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ടു. മുന്നണിയിൽ ചർച്ച ചെയ്യാതെ മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്നാണ് പ്രധാന ആരോപണം.

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ നേരിൽ കണ്ട് പരാതി നൽകാനുള്ള ശ്രമത്തിലാണ് അടൂർ പ്രകാശ്. ഖാർഗെയ്ക്ക് പരാതി നൽകിയോ എന്ന ചോദ്യത്തിന് 'അതെ' എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാഹുൽ ഗാന്ധിയുമായി നാളെ കൂടിക്കാഴ്ച നടക്കുമെന്നാണ് വിവരം. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

പാർട്ടിയും സർക്കാറും തമ്മിലുള്ള ഏകോപനമില്ലായ്മയും മുന്നണിയിൽ ചർച്ച ചെയ്യാതെ എടുത്ത വിവിധ ഭരണപരമായ തീരുമാനങ്ങളും ചൂണ്ടിക്കാട്ടിയാണ് അടൂർ പ്രകാശ് പരാതി സമർപ്പിച്ചിരിക്കുന്നത്. മുന്നണിയിലെ പ്രധാന കക്ഷിയായ മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീറിനെ അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മീഷൻ ചെയർമാനായും, ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജനെ ദൽഹിയിലെ സർക്കാറിന്റെ പ്രത്യേക പ്രതിനിധിയായും നിയമിച്ച തീരുമാനങ്ങൾ മുന്നണിയിൽ ചർച്ച ചെയ്യാതെയാണ് എടുത്തതെന്ന് അദ്ദേഹം ആരോപിക്കുന്നു.

സർക്കാറിന്റെ നിർണായക തീരുമാനങ്ങൾ പലതും യു.ഡി.എഫ് കൺവീനറായ താൻ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്ന് അടൂർ പ്രകാശ് വാർത്താസമ്മേളനത്തിൽ തുറന്നടിച്ചിരുന്നു. കഴിഞ്ഞ ജൂലൈ മാസത്തിന് ശേഷം യു.ഡി.എഫ് ഏകോപന സമിതി യോഗങ്ങൾ വിളിച്ചുചേർക്കാൻ മുഖ്യമന്ത്രി മുൻകൈ എടുത്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശൻ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്ന വാദം തള്ളിക്കളഞ്ഞ് മന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ സണ്ണി ജോസഫ് രംഗത്തെത്തി. പരസ്യപ്രസ്താവനകൾ തള്ളി കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ടെന്നും കെ.സി. വേണുഗോപാൽ തന്നെ പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

"പാർട്ടി പ്രവർത്തകർ അച്ചടക്കവും മാന്യതയും പുലർത്തണം. പരസ്യ പ്രസ്താവനകൾ ഒഴിവാക്കുന്നതാണ് ഉചിതം. കേരളത്തിലെ ഭരണപരമായ കാര്യങ്ങളിൽ ഹൈക്കമാൻഡ് വിശദീകരണം തേടിയാൽ സത്യസന്ധമായ നിലപാട് വ്യക്തമാക്കും. ആർക്കെതിരെയും സൈബർ ആക്രമണം നടത്തുന്നത് ശരിയല്ല. എ.ഐ.സി.സിയുടെ പരിഗണനയിലുള്ള പരാതിയായതിനാൽ അടൂർ പ്രകാശുമായി തനിക്ക് വിഷയത്തിൽ ചർച്ച നടത്താനാകില്ല" -സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം