ayjan Rajan: ‘ചേട്ടാ എന്റെ കല്യാണമായി, അപ്പോഴാണ് ഞാൻ നേരമ്പോക്കായിരുന്നെന്ന് മനസിലായത് ’; പ്രണയം തകർന്ന കഥ പറഞ്ഞ് റെയ്ജൻ
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

മലയാളികൾക്ക് സുപരിചിതനായ ടെലിവിഷൻ താരമാണ് റെയ്ജൻ രാജൻ (Rayjan Rajan). ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ‘ഇഷ്ടം മാത്രം’ എന്ന പരമ്പരയിലാണ് റെയ്ജൻ അവസാനമായി അഭിനയിച്ചത്. പുതിയ അഭിമുഖത്തിൽ സിനിമയിലെത്താനുള്ള ശ്രമങ്ങളെക്കുറിച്ചും പഴയ പ്രണയബന്ധങ്ങളെക്കുറിച്ചുമൊക്കെ (Rayjan Rajan Love Story) താരം മനസുതുറക്കുകയാണ്.
സിനിമ സ്വപ്നത്തിൽ നിന്ന് പിൻമാറിയത് എന്തുകൊണ്ട്?
സിനിമയിൽ അവസരം തേടിയാണ് കരിയറിന്റെ തുടക്കത്തിൽ ശ്രമങ്ങൾ നടത്തിയതെന്ന് റെയ്ജൻ പറയുന്നു. നിരവധി ഓഡിഷനുകളിൽ പങ്കെടുത്തെങ്കിലും പണവും സമയവും നഷ്ടപ്പെട്ടതായും താരം പറഞ്ഞു. ചില പ്രോജക്ടുകൾക്കൊപ്പം ഏറെക്കാലം നിന്ന ശേഷമാണ് അവിടെ ചിലർ തന്നെ അവസരത്തിന്റെ പേരിൽ ഉപയോഗിക്കുകയാണെന്ന് മനസിലാക്കിയതെന്നും റെയ്ജൻ വ്യക്തമാക്കി.
സിനിമയിൽ തുടരാൻ ചില കാര്യങ്ങൾ ചെയ്യേണ്ടിവരുമെന്ന് മനസിലാക്കിയിരുന്നെങ്കിലും, തന്നോട് ആവശ്യപ്പെട്ട ചില കാര്യങ്ങൾ ക്യാമറയ്ക്ക് മുന്നിൽ പറയാൻ കഴിയാത്തതായിരുന്നുവെന്നും താരം പറഞ്ഞു. ഇതോടെയാണ് സിനിമയെന്ന ആഗ്രഹത്തിൽ നിന്ന് പിന്നോട്ടുപോയത്.‘അവർ എന്നെ തേച്ചിട്ട് പോയി’
കോളേജ് കാലത്താണ് ആദ്യ പ്രണയമുണ്ടായതെന്നും ആകെ രണ്ട് പ്രണയബന്ധങ്ങൾ പരാജയപ്പെട്ടെന്നും റെയ്ജൻ പറയുന്നു. മൂന്നാമതായി പ്രണയിച്ച ശിൽപയാണ് പിന്നീട് തന്റെ ഭാര്യയായത്.
ആദ്യകാല പ്രണയം ഏറെ തീവ്രമായിരുന്നുവെന്നും ഏത് സമയത്തും വിളിച്ചാൽ ഓടിയെത്തുന്ന തരത്തിലായിരുന്നുവെന്നും താരം ഓർത്തെടുത്തു. എന്നാൽ അപ്രതീക്ഷിതമായി ഒരു ദിവസം ലഭിച്ച ഫോൺകോൾ ആ ബന്ധത്തിന്റെ അവസാനമായി.
‘ചേട്ടാ എന്റെ കല്യാണമായി’
തന്റെ മുൻ കാമുകി മറ്റൊരാളെ വിവാഹം കഴിക്കാൻ പോകുകയാണെന്ന് ഫോണിലൂടെയാണ് അറിയിച്ചതെന്ന് റെയ്ജൻ പറഞ്ഞു. എട്ടാം ക്ലാസ് മുതൽ പ്രണയിച്ചിരുന്ന വ്യക്തിയെയാണ് അവർ വിവാഹം കഴിച്ചതെന്നും അപ്പോഴാണ് ആ ബന്ധത്തിൽ താൻ നേരമ്പോക്ക് മാത്രമായിരുന്നുവെന്ന് മനസിലായതെന്നും താരം വ്യക്തമാക്കി.
ആ അനുഭവം തന്നെ വലിയ രീതിയിൽ ബാധിച്ചെന്നും ആ സമയത്ത് കടുത്ത വിഷമത്തിലായിരുന്നുവെന്നും റെയ്ജൻ പറഞ്ഞു. എന്നാൽ ഇന്ന് തന്റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ അന്ന് അങ്ങനെ സംഭവിച്ചത് നന്നായെന്നാണ് തോന്നുന്നതെന്നും താരം കൂട്ടിച്ചേർത്തു.
റെയ്ജന്റെ വാക്കുകൾ
'കോളേജ് കാലത്താണ് ആദ്യ പ്രണയം. രണ്ട് പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്. അവർ എന്നെ തേച്ചിട്ട് പോയി. മൂന്നാമത് ഞാൻ പ്രണയിച്ചയാളാണ് ഇന്ന് എന്റെ ഭാര്യയായ ശിൽപ. അന്നൊക്കെ ദിവ്യ പ്രണയമായിരുന്നു. ചങ്ക് പറിച്ച് കൊടുക്കുമെന്നതുപോലെ. ഏത് പാതിരാത്രിക്ക് വിളിച്ചാലും ഓടി ചെല്ലും.
അവസാനം ഒരു ദിവസം കോൾ വന്നു, ചേട്ടാ, എന്റെ കല്യാണമായി. വേറെ ആളെ നോക്കിക്കോളൂ എന്ന്. അവൾ കല്യാണം കഴിച്ചത് എട്ടാം ക്ലാസ് മുതൽ പ്രണയിച്ചിരുന്ന ആളെയാണ്. അപ്പോഴാണ് ഞാൻ നേരമ്പോക്കായിരുന്നുവെന്ന് മനസിലായത്. ഡിപ്രസ്ഡായിരുന്നു. വല്ലാത്തൊരു സിറ്റുവേഷനായിരുന്നു. അന്ന് അങ്ങനെ സംഭവിച്ചത് നന്നായിയെന്ന് ഇന്നത്തെ ജീവിതം കാണുമ്പോൾ തോന്നുന്നു.'
അഭിമുഖത്തിൽ സിനിമാ മേഖലയിലെ തന്റെ ആദ്യകാല അനുഭവങ്ങളും അവസരങ്ങൾ തേടിയുള്ള ശ്രമങ്ങളും റെയ്ജൻ വിശദീകരിച്ചു. വ്യക്തിപരമായ തിരിച്ചടികൾക്കുശേഷം ജീവിതത്തിൽ മുന്നോട്ടുപോകാൻ കഴിഞ്ഞതിനെക്കുറിച്ചും താരം സംസാരിച്ചു.




