ഭാഷാ-ഗണിത ശേഷികൾ മെച്ചപ്പെടാതെ ഒരു കുട്ടിയെയും ഏഴാം ക്ലാസിലേക്ക് ജയിപ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി; 'പ്രത്യേക പിന്തുണയ്ക്ക് റിവൈവ് പദ്ധതി'
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

വിദ്യാർഥികളിൽ അടിസ്ഥാന ഭാഷാ-ഗണിത ശേഷികൾ ഉറപ്പുവരുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് 'റിവൈവ്' പദ്ധതി പ്രഖ്യാപിച്ചു. ഈ ശേഷികൾ കൈവരിക്കാത്ത കുട്ടികളെ ഇനി ഏഴാം ക്ലാസിലേക്ക് ജയിപ്പിച്ചു വിടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി.
തിരുവനന്തപുരം: അടിസ്ഥാന ഭാഷാവിജ്ഞാനവും ഗണിതശേഷിയും കൈവരിക്കാത്ത ഒരു കുട്ടിയെയും ഇനി ഏഴാം ക്ലാസിലേക്ക് ജയിപ്പിച്ചു വിടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേക പിന്തുണ നൽകി മുന്നിലെത്തിക്കുന്ന ‘റിവൈവ്’ പദ്ധതിയുടെ സംസ്ഥാനതല സാക്ഷാത്കാര പ്രഖ്യാപനം തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും (എസ്.എസ്.കെ) സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. നൂറുദിന കർമപരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച 16 പദ്ധതികളും പൂർത്തിയാക്കാൻ സാധിച്ചതായി മന്ത്രി പറഞ്ഞു. എല്ലാ ഏകാധ്യാപക വിദ്യാലയങ്ങളും എൽ.പി സ്‌കൂളുകളായി ഉയർത്തി. ഹൈസ്‌കൂളുകളിൽ എ.ഐ പഠനവും എൽ.പി, യു.പി സ്‌കൂളുകളിൽ ഡിജിറ്റൽ സ്‌ക്വയറുകളും സ്ഥാപിച്ചു. നീന്തൽ പരിശീലനത്തിനായുള്ള ‘അക്വാഫിറ്റ്’, ആദിവാസി-തീരദേശ മേഖലകളിലെ കൊഴിഞ്ഞുപോക്ക് തടയാനുള്ള ‘കൂടെ’ പദ്ധതി എന്നിവയും വിജയകരമായി നടപ്പാക്കിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രഫണ്ട് ലഭിക്കുന്നതിൽ കുറവുണ്ടെങ്കിലും സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പിന്തുണയോടെ എസ്.എസ്.കെ പദ്ധതികൾ തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകും. ഭാവിയെ രൂപപ്പെടുത്തുന്നതിൽ ഗണിത-ഭാഷാ അറിവുകൾ നിർണായകമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു.
എൽ.പി, യു.പി ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ്, ഗണിതം വിഷയങ്ങളിലെ പഠന പിന്നാക്കാവസ്ഥ പരിഹരിക്കാനാണ് ‘റിവൈവ്’ ലക്ഷ്യമിടുന്നത്. ക്ലാസ് റൂം തെളിവുകളുടെ അടിസ്ഥാനത്തിൽ ബോധനരീതികൾ മെച്ചപ്പെടുത്താൻ ഇത് അധ്യാപകരെ സഹായിക്കും.
ചടങ്ങിൽ എസ്.എസ്.കെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. കെ. മോഹനകുമാർ, തിരുവനന്തപുരം എസ്.പി.ഒ ഇൻചാർജ് വി.കെ. അബ്ദുറഹിമാൻ, ജില്ലാ പ്രോജക്ട് കോർഡിനേറ്റർ പനവൂർ നിസാമുദീൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ബിജു ആർ, ഡയറ്റ് പ്രിൻസിപ്പൽ ഗീതാ നായർ, പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഫാദർ നെൽസൺ വലിയവീട്ടിൽ, ഹെഡ്മാസ്റ്റർ റെജി ലൂക്കോസ്, പി.ടി.എ പ്രസിഡന്റ് മനോജ് കെ.ബി തുടങ്ങിയവർ പങ്കെടുത്തു.




