യാത്രക്കാർക്ക് ആശ്വാസം; മലബാറിലും മാവേലിയിലും അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ്(16603) സെപ്റ്റംബർ 30 മുതൽ അധിക കോച്ചുമായാകും സർവീസ് നടത്തുക. തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസിൽ(16604) ഒക്ടോബർ ഒന്നാം തീയതി മുതലും അധികമായി ഒരു സ്ലീപ്പർ കോച്ചുണ്ടാകും.
തിരുവനന്തപുരം: മലബാർ മേഖലയിലേക്കുള്ള യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിനായി മാവേലി, മലബാർ എക്സ്പ്രസ് ട്രെയിനുകളിൽ സ്ഥിരമായി അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ. ഇരു ട്രെയിനുകളിലും ഓരോ സ്ലീപ്പർ ക്ലാസ് കോച്ചുകൾ വീതമാണ് പുതുതായി ഉൾപ്പെടുത്തിയത്.
മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസിൽ (16603) സെപ്റ്റംബർ 30 മുതലും, തിരുവനന്തപുരം - മംഗളൂരു മാവേലി എക്സ്പ്രസിൽ (16604) ഒക്ടോബർ ഒന്ന് മുതലും പുതിയ സ്ലീപ്പർ കോച്ച് പ്രാബല്യത്തിൽ വരും. ഇതോടെ മാവേലി എക്സ്പ്രസിലെ ആകെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം 10 ആയി ഉയർന്നു.
ഒരു എസി ഫസ്റ്റ് ക്ലാസ് കം ടൂ ടയർ, ഒരു എസി ടൂ ടയർ, അഞ്ച് എസി ത്രീ ടയർ, അഞ്ച് ജനറൽ സെക്കൻഡ് ക്ലാസ്, ഭിന്നശേഷിക്കാർക്കായുള്ള രണ്ട് സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിവയാണ് മാവേലിയിലുള്ള മറ്റ് കോച്ചുകൾ.
16630 മംഗളൂരു - തിരുവനന്തപുരം മലബാർ എക്സ്പ്രസിൽ സെപ്റ്റംബർ 28 മുതലും, 16629 തിരുവനന്തപുരം - മംഗളൂരു എക്സ്പ്രസിൽ സെപ്റ്റംബർ 29 മുതലും അധിക സ്ലീപ്പർ കോച്ച് സർവീസ് ആരംഭിച്ചിട്ടുണ്ട്. ഇതോടെ മലബാർ എക്സ്പ്രസിലും സ്ലീപ്പർ കോച്ചുകളുടെ എണ്ണം 10 ആയി.




