24 മണിക്കൂറും സ്പെഷ്യാലിറ്റി സേവനം; പുനലൂർ താലൂക്ക് ആശുപത്രിയിൽ വിജയകരമെന്ന് ആരോഗ്യമന്ത്രി; ഇനി നാല് ജില്ലകളിലേക്ക് കൂടി
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

പുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്നുള്ള റഫറൽ കേസുകൾ 30 ശതമാനം കുറയ്ക്കാൻ കഴിഞ്ഞതായി ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽ അവലോകന യോഗത്തിൽ അറിയിച്ചു. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (NHM) സഹായത്തോടെ മൂന്ന് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരെയും രണ്ട് വീതം ഗൈനക്കോളജിസ്റ്റ്, അനസ്‌തറ്റിസ്റ്റ് എന്നിവരെയും ഒരു പീഡിയാട്രീഷ്യനെയും അധികമായി നിയമിച്ചിട്ടുണ്ട്.
തിരുവനന്തപുരം: മെഡിക്കൽ കോളേജുകളിലെ തിരക്ക് കുറയ്ക്കുന്നതിനും താഴേത്തട്ടിൽ വിദഗ്ധ ചികിത്സ അടിയന്തരമായി ലഭ്യമാക്കുന്നതിനുമായി ആരോഗ്യവകുപ്പ് ആരംഭിച്ച '24×7 പ്രതീക്ഷാ സെന്റർ' പദ്ധതി നാല് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയ പുനലൂർ താലൂക്ക് ആശുപത്രിയിലെ പ്രവർത്തനം വിജയകരമാണെന്ന് കണ്ടതിനെ തുടർന്നാണ് തീരുമാനം.
പാലക്കാട് ജില്ലാ ആശുപത്രി, മലപ്പുറം തിരൂർ ജില്ലാ ആശുപത്രി, കോഴിക്കോട് വടകര ജില്ലാ ആശുപത്രി, എറണാകുളം ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് ഒക്ടോബർ അവസാനത്തോടെ പ്രതീക്ഷാ സെന്ററുകൾ ആരംഭിക്കുന്നത്. ഈ വർഷം ഡിസംബർ വരെ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി പ്രവർത്തനഫലങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും സംസ്ഥാനതലത്തിൽ പൂർണതോതിൽ നടപ്പാക്കുകയെന്ന് ആരോഗ്യവന്ത്രി കെ. മുരളീധരൻ അറിയിച്ചു.
ഓരോ ജില്ലയിലും രണ്ട് ആശുപത്രികളെ വീതം പ്രതീക്ഷാ സെന്ററുകളാക്കി മെഡിസിൻ, ജനറൽ സർജറി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, ഗൈനക്കോളജി തുടങ്ങിയ പ്രധാന സ്പെഷ്യാലിറ്റി സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ മെഡിക്കൽ കോളേജുകളിലേക്കുള്ള അനാവശ്യ റഫറലുകൾ ഒഴിവാക്കാൻ സാധിക്കും.
പുനലൂർ താലൂക്ക് ആശുപത്രിയിൽ സ്പെഷ്യാലിറ്റി സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാക്കിയതിലൂടെ റഫറൽ കേസുകൾ 30 ശതമാനം കുറയ്ക്കാൻ കഴിഞ്ഞതായി ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽ അവലോകന യോഗത്തിൽ വ്യക്തമാക്കി. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (NHM) സഹായത്തോടെ മൂന്ന് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാർ, രണ്ട് വീതം ഗൈനക്കോളജിസ്റ്റ്, അനസ്‌തറ്റിസ്റ്റ്, ഒരു പീഡിയാട്രീഷ്യൻ എന്നിവരെ അധികമായി നിയമിച്ചിട്ടുണ്ട്. മൂന്ന് സർജൻമാരെ കൂടി ഉടൻ നിയമിക്കും. പദ്ധതി നടപ്പാക്കിയതോടെ ആശുപത്രിയിലെ പ്രസവങ്ങളുടെ എണ്ണത്തിലും വർധനയുണ്ടായി.
പദ്ധതി മാതൃകാപരമായി മുന്നോട്ടുപോകുന്നതിൽ പുനലൂർ എം.എൽ.എ. സി. അജയപ്രസാദും സംതൃപ്തി രേഖപ്പെടുത്തി. താൽക്കാലിക നിയമനങ്ങളിലൂടെ ആവശ്യമായ ജീവനക്കാരെ നിലവിൽ വിന്യസിക്കുന്നുണ്ടെങ്കിലും സ്റ്റാഫ് പാറ്റേൺ പുനഃക്രമീകരിക്കാനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും ആരോഗ്യവകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്ക് അമിത ജോലിഭാരം ഉണ്ടാകുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ടുമാർ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.




